നെടുമങ്ങാട് : കേന്ദ്ര സർക്കാർ കർഷകദ്രോഹ നയങ്ങൾ തിരുത്തുക, സ്വകാര്യവത്കരണ നടപടികളിൽ നിന്നും പിന്മാറുക, പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 7,500 രൂപ വീതം 6 മാസത്തേക്ക് കൊവിഡ് കാല സമാശ്വാസ തുക നല്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് സി.ഐ.ടി.യു, കർഷക സംഘം, കെ.എസ്.കെ.ടി.യു അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ 48 കേന്ദ്രങ്ങളിൽ കർഷകരും തൊഴിലാളികളും ധർണ നടത്തി. നെടുമങ്ങാട് പോസ്റ്റാഫീസിന് മുന്നിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ. ജയദേവൻ ഉദ്ഘാടനം ചെയ്‌തു. പഴകുറ്റിയിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രൻ, വാണ്ടയിൽ ഏരിയ പ്രസിഡന്റ് എൻ.ആർ. ബൈജു, മന്നൂർക്കോണത്ത് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ, കുശർകോട്ട് കർഷകസംഘം ഏരിയ സെക്രട്ടറി ആർ. മധു, തേക്കടയിൽ ഏരിയ ട്രഷറർ നൗഷാദ്, ഇരിഞ്ചയത്ത് ഏരിയ ജോയിന്റ് സെക്രട്ടറി വേങ്കവിള സുരേഷ്, പൂവത്തൂരിൽ കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ്. ബിജു, മൂഴിയിൽ യൂണിയൻ ഏരിയ സെക്രട്ടറി മൂഴി രാജേഷ്, കണക്കോട്ട് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എ.റോജ്, കന്യാകുളങ്ങരയിൽ യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി എസ്.കെ ബിജു എന്നിവർ ഉദ്ഘാടനം ചെയ്‌തു.