പാലോട്: ഗ്രാമീണ മേഖലയിലെ കായിക പ്രേമികളുടെ സ്വപനത്തിന് പൂർണത. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നാല് കോടി രൂപ ചെലവഴിച്ച് പെരിങ്ങമ്മലയിൽ പൂർത്തിയാക്കിയ അന്താരാഷ്ട്ര നിലവാരത്തിലുള്ളതും പതിനായിരം ചതുരശ്ര അടി വിസ്തീർണവുമുള്ള മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയവും ഹബും നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
ജില്ലാ പഞ്ചായത്ത് നിർമ്മിച്ചിരിക്കുന്ന നാല് സ്പോട്സ് ഹബുകളിൽ ഏറ്റവും ആധുനിക രീതിയിൽ നിർമ്മാണം പൂർത്തിയായ സ്റ്റേഡിയമാണ് പെരിങ്ങമ്മലയിലേത്. ഈ സ്റ്റേഡിയത്തിൽ പി.വി.സി ഫ്ലോറിംഗ് ചെയ്ത ബാഡ്മിന്റൺ കോർട്ട്, ടെന്നീസ് കോർട്ട്, തടി പാകിയ വോളിബോൾ കോർട്ട്, ബാസ്കറ്റ് ബോൾ, മിനി ജിംനേഷ്യം തുടങ്ങിയവയ്ക്കുള്ള കോർട്ടുകൾ കൂടാതെ ക്രിക്കറ്റ് പ്രാക്ടീസിനുള്ള പിച്ചും അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയിട്ടുണ്ട്.
വീഡിയോ കോൺഫറൻസ് ഹാളും, എക്സർസൈസ് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മാർക്കറ്റിനോട് ചേർത്ത അൻപത് സെന്റ് സ്ഥലത്താണ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചത്. കൊവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് മുഖ്യമന്ത്രി ഉടൻ തന്നെ ഈ സ്റ്റേഡിയം നാടിന് സമർപ്പിക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു.