trivandrum-corporation


തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിയും ഭരണസമിതിയും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെ സെക്രട്ടറി ആർ.എസ്. അനുവിന് സ്ഥാനചലനത്തിന് സാദ്ധ്യതയേറുന്നു. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോർപ്പറേഷൻ പ്രവർത്തനങ്ങളിൽ സെക്രട്ടറി അനാവശ്യകാലതാമസം വരുത്തുന്നുവെന്നാണ് പ്രധാന പരാതി. ആർ.എസ്. അനു കൃത്യമായി ഓഫീസിലെത്തുന്നില്ലെന്നും ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്നുമാണ് ആക്ഷേപം. സെക്രട്ടറിയായി ചുമതലയേറ്റ് ഒരു മാസം പൂർത്തിയാകുന്നതിന് മുൻപാണ് സെക്രട്ടറിയും ഭരണസമിതിയും തമ്മിലുള്ള കലഹം ശക്തമായിരിക്കുന്നത്.

ചെറിയ ഫയലുകളിൽ പോലും നിസാരകാരണങ്ങൾ എഴുതി മാറ്റിവയ്ക്കുന്നു. ഭരണ - പ്രതിപക്ഷ കൗൺസില‌ർമാ‌ർ നേരിട്ടെത്തി കാര്യം ബോധിപ്പിച്ചാലും നടപടിയില്ല. ഇതോടെ

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൗൺസിലർമാരുടെയും ജീവനക്കാരുടെയും അതൃപ്തി പരാതിയായി സർക്കാരിന് മുന്നിലെത്തി. സെക്രട്ടറിയെ അടിയന്തരമായി മാറ്റണമെന്നാണ് പൊതുവായ ആവശ്യം. തദ്ദേശവകുപ്പിന്റെ പരിഗണനയിലുള്ള പരാതികളിൽ ഉടൻ നടപടി ഉണ്ടാകാനാണ് സാദ്ധ്യത. മേയറും ഡെപ്യൂട്ടിമേയറും ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ പാലിക്കാതെ തന്നിഷ്ടപ്രകാരമുള്ള മുന്നോട്ടുപോക്ക് സെക്രട്ടറി തുടരുന്നതായി പരാതിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് വരാനിക്കുന്നതിനാൽ പരാതികൾ കണ്ടില്ലെന്ന് നടിക്കാനോ, നടപടി വൈകിപ്പിക്കാനോ സർക്കാരിന് കഴിയില്ല.

നാലരവർഷം സെക്രട്ടറിയായിരുന്ന എൽ.എസ്. ദീപയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് ആഗസ്റ്ര് 17നാണ് ആർ.എസ്. അനു കോർപ്പറേഷൻ സെക്രട്ടറിയായെത്തിയത്. കൊച്ചി കോർപ്പറേഷനിൽ റീജിയണൽ ജോയിന്റ്‌ ഡയറക്ടറായിരിക്കെയാണ് തലസ്ഥാനത്ത് സെക്രട്ടറിയായത്. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് സീനിയോറിട്ടി മാനദണ്ഡങ്ങൾ മറികടന്ന് ഇവരെ മാസങ്ങൾക്ക് മുൻപ് റീജിയണൽ ജോയിന്റ്‌ ഡയറക്ടറാക്കിയ നടപടി പിൻവലിച്ചുകൊണ്ടാണ് കോർപ്പറേഷൻ സെക്രട്ടറിയാക്കിയത്.