photo

വിതുര: അടച്ചുറപ്പുള്ള വീടില്ലാതെ ദുരിത ജീവിതം നയിച്ച കുടുംബത്തിന് കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ ഇടപെടലിൽ വീടൊരുങ്ങുന്നു.

മരുതാമാല ഐസറിനു സമീപം സന്തോഷ്‌ - ലേഖ ദമ്പതികളുടെ ദുരിതം മാദ്ധ്യമ വാർത്തകളിലൂടെയാണ് പുറം ലോകമറിഞ്ഞത്. വാർത്ത ശ്രദ്ധയിൽ പെട്ടയുടൻ ശബരീനാഥൻ എം.എൽ.എ ഇവരുടെ വീട് സന്ദർശിച്ചു. തുടർന്ന് അദേഹത്തിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അടച്ചുറപ്പുള്ള വീട് നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ പരിശ്രമം ഫലം കാണുകയായിരുന്നു.

എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ റൗണ്ട് ടേബിൾ ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്റർ ടി.ആർ.ടി 66ന്റെയും എം.എൽ.എയുടെ സുഹൃത്തുക്കളായ സുമനസുകളുടെയും സഹായം കോർത്തിണക്കിയാണ് പുതിയ വീട് നിർമ്മിക്കുന്നത്.

ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പദ്മശ്രീ ശങ്കറാണ് പ്രകൃതിക്കിണങ്ങുന്ന തരത്തിൽ പുതിയ വീട് രൂപകല്പന ചെയ്യുന്നത്. വീടിന്റെ തറക്കല്ലിടൽ കർമ്മം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. തന്റെ പിറന്നാൾ ദിനത്തിൽ തന്നെ നിർദ്ധന കുടുംബത്തിന് വീടൊരുക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട സന്തോഷത്തിലാണ് ശബരീനാഥൻ എം.എൽ.എ

ഐസറിലെ ദിവസവേതനാടിസ്ഥാനത്തിലെ ശുചീകരണ തൊഴിലാളിയാണ് ലേഖ. ഭർത്താവ് സന്തോഷ്‌ രോഗ ബാധിതനായതിനാൽ ജോലിക്ക് പോകാൻ കഴിയാറില്ല. മരുതാമല വെൽഫെയർ സ്കൂളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. വീടും വൈദ്യുതിയും ഇല്ലാതിരുന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം പോലും നിലച്ചിരിക്കുകയായിരുന്നു. നിരവധി വട്ടം ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ അപേക്ഷകൾ നൽകിയിട്ടും ഇതുവരെ പരിഗണിച്ചിട്ടില്ല. തുടർന്നാണ് എം.എൽ.എ ഈ കുടുംബത്തിന് തുണയായത്. ഡിസംബറിൽ വീട് നിർമ്മാണം പൂർത്തിയാക്കി കുടുംബത്തിന് സമർപ്പിക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ അറിയിച്ചു.

റൗണ്ട് ടേബിൾ ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ ഭാരവാഹികളായ ജിതിൻ പണിക്കർ, സാമുവേൽ ജോർജ്, ജസ്റ്റിൻ ജോർജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ എസ്. ജയപ്രകാശൻ നായർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ഗിരീഷ് കുമാർ, അനിരുദ്ധൻ നായർ, ഷീല വേണുഗോപാൽ, ഉദയകുമാർ, റോബിൻസൺ, അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.