beedikkari
ടാറും മെറ്റലുമിളകി തകർന്നുകിടക്കുന്ന ഗാന്ധിസ്മാരകം മാർക്കറ്റ് ചിലമ്പിൽ കല്ലുകാട്ടിൽ റോഡ്

മുടപുരം: നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ പഞ്ചായത്ത് റോഡ് തകർന്ന് തരിപ്പണമായി വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ ആലസ്യത്തിൽ. അഴൂർ ഗ്രാമ പഞ്ചായത്തിലെ ഗാന്ധിസ്മാരകം മാർക്കറ്റ്- ചിലമ്പിൽ റോഡാണ് ടാറും മെറ്റലും ഇളകി യാത്രക്കാരുടെ നടുവൊടിക്കുന്നത്.

ഗാന്ധിസ്മാരകം മാർക്കറ്റ് ജംഗ്‌ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ബീഡിക്കാരിമുക്കിലെത്തി രണ്ടായി തിരിയും. ഒന്ന് ആയിരവല്ലി ക്ഷേത്രത്തിനു മുന്നിലൂടെ ചിലമ്പ് ജംഗ്‌ഷനിൽ എത്തിയ ശേഷം അവിടെ നിന്ന് ചിറയിൻകീഴ് റോഡിൽ വന്നുചേരും.

ബീഡിക്കാരിമുക്കിൽ നിന്ന് തിരിയുന്ന മറ്റൊരു റോഡ് കല്ലുവെട്ട് വഴി ശാസ്തവട്ടം റോഡിൽ എത്തിച്ചേരും. രണ്ടര കിലോമീറ്റർ ദൂരമുള്ള ഈ റോഡിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം. വാഹനങ്ങൾ പോയിട്ട് കാൽനടയാത്രികർക്കും പോലും റോഡ് ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ടാർ ചെയ്തിട്ട് 2 പതിറ്രാണ്ട്

മാർക്കറ്റ് ജംഗ്‌ഷനിൽ നിന്ന് തുടങ്ങുന്ന റോഡിന്റെ ഒരു കിലോമീറ്റർ ദൂരം ടാർ ചെയ്തിട്ട് 22 വർഷം പിന്നിട്ടു. ചിലമ്പിൽ നിന്ന് തുടങ്ങുന്ന ഭാഗം 2009ലാണ് ടാർ ചെയ്തത്. പലഭാഗങ്ങളിലും വൻകുഴികൾ രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.

...............
ഗാന്ധിസ്മാരകം മാർക്കറ്റ് ചിലമ്പിൽ കല്ലുകാട്ടിൽ റോഡിൽ യാത്രാക്ളേശം രൂക്ഷമാണ്. റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറാകണം.

ആർ.നൗഷാദ് ,ഗാന്ധിസ്മാരകം 10 -ാം വാർഡ് ജനകീയ കൂട്ടായ്മ വാട്സാപ്പ് ഗ്രൂപ്പ്