ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്ത ശക്തിയായ മഴയിൽ വീട്ടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് നഗരസഭ 9, 10 വാർഡുകളിലെ 4 കുടുംബങ്ങളെ നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് വയലുകൾ നികത്തി നിർമ്മിച്ച വീടുകളായതിനാൽ സമീപത്തെ പരമ്പരാഗത തോടുകൾ നികന്നിരുന്നു. തുടർന്നാണ് മഴ ശക്തമായതിനെ തുടർന്ന് വീടുകൾ സ്ഥിതിചെയ്യുന്ന താഴ്ന്ന പ്രദേശത്തേക്ക് വെള്ളം ഒഴുകിയെത്തിയത്. വീട്ടിൽ നിന്ന് അവശ്യ സാധനങ്ങൾ ഉൾപ്പടെ മാറ്റുകയും വീട്ടുകാർക്ക് താൽക്കാലികമായി താമസിക്കാൻ നഗരസഭയുടെ വനിതാ ഹോസ്റ്റലിൽ സൗകര്യം ഒരുക്കുകയും ചെയ്തു. ഇരുപത് പേരാണ് ഹോസ്റ്റലിൽ ഉള്ളത്. ഫയർഫോഴ്സും, റവന്യൂ വകുപ്പും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.രാമച്ചംവിള 21-ാം വാർഡിലെ ഒരു വീട്ടിലും വെള്ളം കയറി. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ ഇടപെട്ട് ഇവരെയും മാറ്റി പാർപ്പിച്ചു.