pongod-road
തകർന്ന തയ്ക്കാവ് മുക്ക് - പോങ്ങോട് റോഡ്‌

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്ന് അപകടം തുടർക്കഥയായിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയം. പഞ്ചായത്തിലെ പകുതിയിലേറെ റോഡുകളും ഗതാഗതയോഗ്യമല്ലാതായതാണ് നാട്ടുകാർ പറയുന്നത്. കരിമ്പുവിളയിൽ നിന്ന് തെങ്ങുവിള വഴി കുടവൂർ പോകുന്ന റോഡ്‌ തകർന്നിട്ട് വർഷങ്ങളായി. വളരെയധികം ക്ളേശം സഹിച്ചാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ മൂടാതിരുന്നതും നിരവധി അപകടങ്ങൾക്ക് കാരണമായിരുന്നു. നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് കുഴികൾ മൂടിയെങ്കിലും റോഡ് ടാർ ചെയ്യുന്നതിനുമാത്രം നടപടിയുണ്ടായില്ല.

ഇടയ്ക്കിടെ പെയ്യുന്ന മഴകൂടി ആയതോടെ റോഡ് കൂടുതൽ പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടു. ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ എതിർദിശയിൽ വന്നാൽ ചെറിയ വാഹനങ്ങൾ പെട്ടതുതന്നെ. കപ്പാംവിള തയ്ക്കാവ് - പോങ്ങോട് റോഡിൽ രൂപപ്പെട്ട കുഴിയിൽ വീഴാതിരിക്കാനായി ബൈക്ക് വെട്ടിത്തിരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരു യുവാവിന്റെ കാലൊടിഞ്ഞത് കഴിഞ്ഞമാസമാണ്.

അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുമ്പോഴും ഗുരുതരമായി പരിക്കേൽക്കുമ്പോഴുമാണ് ബന്ധപ്പെട്ടവർ റോഡുകളുടെ അറ്റകുറ്രപ്പണികളെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയത്തിലെ അലംഭാവം വെടിയണമെന്നും റോഡുകൾ സഞ്ചരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.

കപ്പാംവിള - കിടത്തിച്ചിറ റോഡിനും രക്ഷയില്ല

കപ്പാംവിള - കിടത്തിച്ചിറ റോഡ്‌ തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട്‌ മാസങ്ങൾ കഴിഞ്ഞു. കിടത്തിച്ചിറ ശിവ ക്ഷേത്രത്തിൽ തൊഴാൻ മറ്റ് സ്ഥലങ്ങളിൽ നിന്നടക്കം നിരവധി ഭക്തരാണ് എത്തിയിരുന്നത്. വലിയ കുഴികൾ രൂപപ്പെട്ട റോഡിലൂടെ വളരെയധികം ബുദ്ധിമുട്ടിയാണ് ഇരുചക്രവാഹനങ്ങളടക്കം കടന്നുപോകുന്നത്. അപകടങ്ങളും ഇവിടെ തുടർക്കഥയായി. സ്കൂളുകൾ തുറക്കുന്നതോടെ റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണവും വർദ്ധിക്കും. അതിനുമുമ്പ് റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകണം.

പരാതികൾക്ക് ഫലമില്ല

റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന നാട്ടുകാരുടെ ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

നിരവധി തവണ സ്ഥലം എം.എൽ.എയ്ക്കും പഞ്ചായത്ത്‌ പ്രസിഡന്റിനും നാട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ നടപടികൾ മാത്രം ഉണ്ടായില്ല. 'ഇപ്പ ശരിയാക്കിത്തരാം' എന്ന പതിവ് പല്ലവിയാണ് ലഭിക്കുന്നതെന്നാണ് ഉയരുന്ന പരാതി.

...........................

നാട്ടുകാരുടെ നിരന്തര ആവശ്യം മാനിച്ച് കപ്പാംവിള- കിടത്തിച്ചിറ റോഡിന് 20 ലക്ഷവും, തയ്ക്കാവ്മുക്ക് - പോങ്ങോട് റോഡിന് 20 ലക്ഷവും ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണോദ്ഘാടനം ഉടൻ നടക്കും. പഞ്ചായത്തിൽ തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുകയെന്നത് അസാധ്യമാണ്. പഞ്ചായത്ത് മുൻകൈയെടുത്താണ് ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത്.

അഡ്വ. വി. ജോയി എം.എൽ.എ

..........................

പഞ്ചായത്തിന്റെ 2020 -21 സാമ്പത്തിക വർഷത്തിലെ വികസന ഫണ്ടിൽ നിന്ന് ആവശ്യപ്പെട്ട വാർഡ്‌ മെമ്പർമാർക്കെല്ലാം റോഡ്‌ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൊവിഡും കാലാവസ്ഥാ വ്യതിയാനവുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോകാൻ കാരണം.

കെ.തമ്പി, നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്