തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് 8 മാസത്തെ ഇടവേള മാത്രം ശേഷിക്കെ, മുസ്ലീം ലീഗിന്റെ കടിഞ്ഞാൺ വീണ്ടും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കൈകളിലെത്തുന്നത് യു.ഡി.എഫിൽ ഉളവാക്കുന്ന രാഷ്ട്രീയമാനങ്ങളേറെ.
തിരഞ്ഞെടുപ്പുകളുടെ ചുമതല നൽകിയാണ് കുഞ്ഞാലിക്കുട്ടിയെ ലീഗ് നേതൃത്വം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിക്കുന്നത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പി.എയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചും , ലീഗിന് ദേശീയരാഷ്ട്രീയത്തിൽ നിർണായക റോൾ സ്ഥാപിച്ചെടുക്കാനുമാണ് തന്ത്രശാലിയായ കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിലെത്തിച്ചത്.. എന്നാൽ,മോദിസർക്കാരിന്റെ തുടർഭരണത്തോടെ ദേശീയതലത്തിൽ തൽക്കാലം റോളില്ലാത്ത അവസ്ഥയിലാണ് കുഞ്ഞാലിക്കുട്ടിയുടെ മടക്കം.
കുഞ്ഞാലിക്കുട്ടിയുടെ അഭാവത്തിൽ യു.ഡി.എഫ് നിയമസഭാകക്ഷിയിൽ മുസ്ലീംലീഗിന് ഗൗരവം കുറഞ്ഞുപോയോയെന്ന സന്ദേഹം ഏറെ നാളുകളായി ലീഗ് നേതൃത്വത്തിനുണ്ട്. പരിണിതപ്രജ്ഞരായ മുതിർന്ന നേതാക്കളുടെ അഭാവം പാർട്ടി നിയമസഭാകക്ഷിയിലുമുണ്ട്. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീറിൽ സമ്പൂർണ്ണവിശ്വാസം നേതൃനിരയിലില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചുവരവ് പ്രതീക്ഷയുണ്ടായിരിക്കെ, രാഷ്ട്രീയ തന്ത്രജ്ഞനായ കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം ഇവിടെ അനിവാര്യമാണെന്ന് നേതൃത്വം കാണുന്നു.
യു.ഡി.എഫിലും പലപ്പോഴും കിങ്മേക്കറുടെ റോളിലാണിപ്പോൾ കുഞ്ഞാലിക്കുട്ടി. കെ.എം. മാണിയുടെ നിര്യാണത്തോടെ, യു.ഡി.എഫിലെ തലയെടുപ്പുള്ള നേതൃനിരയിലിപ്പോൾ പറയാവുന്ന പേര് കുഞ്ഞാലിക്കുട്ടിയുടേതാണ്. മാണിയുടെ വേർപാടിന് ശേഷം പൊട്ടിപ്പുറപ്പെട്ട കേരള കോൺഗ്രസ് തർക്കത്തിലും കോൺഗ്രസ് നേതൃത്വം മദ്ധ്യസ്ഥ റോളിനായി ക്ഷണിച്ചുവരുത്തുന്നത് കുഞ്ഞാലിക്കുട്ടിയോടാണ്.ജോസ് കെ.മാണിയെ പുറത്താക്കുന്നതായി മുന്നണി കൺവീനർ ബെന്നി ബെഹനാൻ പ്രഖ്യാപിച്ചത് എടുത്തുചാട്ടമായിപ്പോയെന്ന വികാരം കോൺഗ്രസിലും മുന്നണിയിലും ശക്തമായിരുന്നു. ഇക്കാര്യത്തിൽ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് വിശ്വസിക്കുന്നവരാണ് പലരും. കേരള കോൺഗ്രസ്-എമ്മിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി ജോസ് കെ.മാണിക്ക് അനുകൂലമായതോടെ, അവരെ പിണക്കിയത് യു.ഡി.എഫിന് തിരിച്ചടിയുമായി. ഈ സംഭവവികാസങ്ങളിൽ ലീഗ് നേതൃത്വം തൃപ്തരല്ലെന്നാണ് വിവരം. ഭരണത്തിൽ യു.ഡി.എഫിന്റെ തിരിച്ചുവരവുണ്ടാകുന്ന പക്ഷം, ഉരുണ്ടുകൂടാനിടയുള്ള തർക്കങ്ങളിലെല്ലാം മദ്ധ്യസ്ഥനായി കുഞ്ഞാലിക്കുട്ടി ഇവിടെയുണ്ടാവണമെന്ന് എല്ലാവരും തിരിച്ചറിയുന്നു.
2005ൽ ഐസ്ക്രിം പാർലർ കേസ് വിവാദം സൃഷ്ടിച്ച തിരിച്ചടിയിൽ ഏറെക്കുറെ പിൻവാങ്ങേണ്ടി വന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. തൊട്ടടുത്ത വർഷം കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ചാണ് ലീഗ് വിമതൻ കെ.ടി. ജലീൽ സി.പി.എം സ്വതന്ത്രനായി ജയിച്ചുകയറിയത്. 2006ലെ തിരഞ്ഞെടുപ്പിൽ ലീഗിനും ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത തിരിച്ചടി. 2011ൽ വേങ്ങര മണ്ഡലത്തിലേക്ക് മാറിയ കുഞ്ഞാലിക്കുട്ടിയുടേതും ലീഗിന്റേതും ഗംഭീര തിരിച്ചുവരവായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിൽ വ്യവസായവകുപ്പ് മന്ത്രിയായ കുഞ്ഞാലിക്കുട്ടി, വിവാദങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുനിന്നു. 2016ലും തുടക്കത്തിൽ പ്രതിപക്ഷ ഉപനേതാവായിരുന്ന കുഞ്ഞാലിക്കുട്ടി ,ഇ. അഹമ്മദ് അന്തരിച്ച ഒഴിവിൽ പാർലമെന്റിലേക്ക് മത്സരിച്ച് ദേശീയരാഷ്ട്രീയത്തിലേക്ക് പോവുകയായിരുന്നു.
കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക്
മലപ്പുറം: മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മലപ്പുറം എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെയും, ദേശീയതലത്തിലേത് ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പിയെയും ഇന്നലെ പാണക്കാട്ട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗം ഏൽപ്പിച്ചു. പാർട്ടിക്കുള്ളിലെ അതൃപ്തിയുടെ പശ്ചാത്തലത്തിൽ, നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതിപ്പോൾ ചർച്ചയാക്കേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം.
ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടർന്ന് 2017 ഏപ്രിലിലെ ഉപതിരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ച് ലോക്സഭയിലെത്തിയത്. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ദേശീയ രാഷ്ട്രീയത്തിൽ യു.പി.എ അധികാരത്തിലെത്തിയാൽ കേന്ദ്രമന്ത്രി പദവി ലക്ഷ്യമിട്ടായിരുന്നു ഈ നിക്കം. എൻ.ഡി.എ അധികാരം നിലനിറുത്തുകയും, കോൺഗ്രസ് ദുർബലമാവുകയും ചെയ്തതോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താത്പര്യം കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടിയിൽ നിന്ന് പിന്തുണ കിട്ടിയിരുന്നില്ല. പൗരത്വ ഭേദഗതി, മുത്തലാഖ് ബില്ലുകളിലെ കുഞ്ഞാലിക്കുട്ടിയുടെ പ്രകടനം പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ലെന്ന വിമർശനവുമുയർന്നു. മുത്തലാഖ് ബില്ലിലെ ചർച്ചയിൽ പങ്കെടുക്കാതെ വിവാഹ സൽക്കാരത്തിനെത്തിയയെന്ന വിവാദം കത്തിയതോടെ , നേതൃത്വത്തിന്റെ പരസ്യ ശാസനയ്ക്കും വിധേയനായിരുന്നു..
കഴിഞ്ഞ കാലങ്ങളിൽ കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയപ്പോൾ വിജയം നേടാൻ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞിട്ടുണ്ടെന്ന് യോഗ ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വാർത്താലേഖകരോട് പറഞ്ഞു. വരാൻ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഘോഷയാത്രയാണെന്നും, വലിയ വെല്ലുവിളായാണ് നേരിടാനുള്ളതെന്നും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.