nda-

തിരുവനന്തപുരം: നാഷണൽ ഡിഫൻസ് അക്കാഡമിയിലേക്കും നേവൽ അക്കാഡമിയിലേക്കുമുള്ള പ്രവേശന പരീക്ഷകൾ കനത്ത സുരക്ഷയോടെ നടന്നു. സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നത്. വാഹന സൗകര്യം പരിമിതമായതും ശക്തമായ മഴയും കാരണം ഹാജർ നില കുറവായിരുന്നു. മിക്ക പരീക്ഷാ കേന്ദ്രങ്ങളിലും പകുതിയോളം വിദ്യാർത്ഥികളെത്തിയില്ല. ആദ്യഘട്ട പരീക്ഷ എഴുതിയവർ രണ്ടാം ഘട്ടം എഴുതാതെ മടങ്ങുകയുമുണ്ടായി.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പരീക്ഷ. മുഖാവരണം ധരിച്ച ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിച്ചുള്ളു. സാമൂഹ്യ അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നത്. കൈയുറകൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് നൽകി. രാവിലെയും വൈകിട്ടുമായി രണ്ടര മണിക്കൂർ വീതം ദൈർഘ്യമുളള രണ്ട് പരീക്ഷകളാണ് നടന്നത്. രാവിലെ 10നാരംഭിച്ച ആദ്യ ഘട്ടം 12.30ന് അവസാനിച്ചു. രണ്ടാംഘട്ടം ഉച്ചയ്ക്ക് രണ്ടിനാണ് തുടങ്ങിയത്. 4.30ന് അവസാനിച്ചു. കൊവിഡ് വ്യാപനം കാരണം വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.

നഗരത്തിലെ കോട്ടൺ ഹിൽ, യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. വിദ്യാർ‌ത്ഥികൾക്ക് മാ‌ർഗ നി‌ർദ്ദേശങ്ങളുമായി മൈക്ക് അനൗൺസ്‌മെന്റും നടത്തിയിരുന്നു. കേന്ദ്രങ്ങൾക്ക് മുന്നിലെ നോട്ടീസ് വിതരണവും വിലക്കി. റെയിൽവേ പ്രത്യേകം സർവീസുകളും നടത്തിയിരുന്നു.