theatre

കൊച്ചി: തിയേറ്റർ റീലിസുകളില്ലാത്ത ഓണക്കാലം മലയാളികൾക്ക് ഇതാദ്യമാണ്. ഓണസീസൺ മാത്രമല്ല വിഷുവും ഈസ്റ്ററും റംസാനും തുടങ്ങി കോടികൾ സമ്പാദിക്കേണ്ട സീസൺ കാലമാണ് തിയേറ്റർ ഉടമകൾക്ക് നഷ്ടമായത്. റീലിസിനായി കാത്തിരുന്ന സിനിമകളെല്ലാം പെട്ടിക്കുള്ളിൽ തന്നെ. തിയേറ്ററുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.മാർച്ച് 10നാണ് സിനിമാ തിയേറ്ററുകൾ അടച്ചത്. പ്രദർശനം നടത്തുന്നില്ലെങ്കിലും വൈദ്യുതി ചാർജ്, മെയിന്റനൻസ് ചാർജ്, തൊഴിലാളികൾക്കുള്ള കൂലി എന്നിങ്ങനെ മൂന്ന് ലക്ഷം രൂപയോളമാണ് ഒരു മാസം ഉടമകൾക്ക് ചിലവാകുന്നത്. ജില്ലയിൽ ഭൂരിഭാഗവും എ.സി തിയേറ്ററുകളായതിനാൽ ഇവ കൃത്യമായി പരിപാലിക്കേണ്ടതുണ്ട്.

വരുമാനമില്ലാതെ നഷ്ടം മാത്രം

മൂന്നു ദിവസം കൂടുമ്പോഴെങ്കിലും തുറന്ന് വൃത്തിയാക്കണം. രണ്ട് ദിവസം ഇടവിട്ട് പ്രദർശനം നടത്തണം. പ്രദർശനം നടത്തിയാലും ഇല്ലെങ്കിലും കൃത്യമായി വൈദ്യുതി ബില്ലും അടക്കണം. ജീവനക്കാർക്ക് ശമ്പളം നൽകണം. ഇതിനെല്ലാം ലക്ഷങ്ങളാണ് ചെലവാകുന്നത്. ആറു മാസമായി വരുമാനമില്ലാതെ നഷ്ടം മാത്രമാണ് ഉടമകൾക്കുള്ളത്. സ്ഥിതി തുടർന്നാൽ സാമ്പത്തിക ബാദ്ധ്യത മൂലം പിടിച്ചു നിൽക്കാനാവില്ലെന്ന് തിയേറ്റർ ഉടമകൾ പറയുന്നത്. തിയേറ്ററുകൾ തുറക്കാത്തതിനാൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസാകുന്നുണ്ട്.

ധനസഹായവും മൊറട്ടോറിയം നീട്ടി തരണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. നടപടിക്കായി കാത്തിരിക്കുകയാണ് തിയേറ്റർ ഉടമകൾ. മൊറട്ടോറിയം നീട്ടി നൽകിയില്ലെങ്കിൽ സർക്കാരിൽ നിന്ന് ധനസഹായം ആവശ്യപ്പെട്ടേണ്ട അവസ്ഥയിലാണ് ഉടമകൾ.

ആളില്ലാതെ ഷോ

"സീസണുകളെല്ലാം നഷ്ടമായി. ആളുകൾ എത്തുന്നില്ലെങ്കിലും പ്രദർശനം നടത്തി നോക്കണം. ഇല്ലെങ്കിൽ തിയേറ്റർ തുറക്കാൻ അനുമതി ലഭിക്കുമ്പോഴെക്കും ഉപകരണങ്ങളെല്ലാം നശിച്ചിട്ടുണ്ടാകും. ഇനിയും തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി മൂലം പിടിച്ചു നിൽക്കാനാവില്ല."

എം.സി ബോബി

തീയേറ്റർ ഉടമ