drug

തിരുവനന്തപുരം: ലഹരിമരുന്നുകളുടെ ഉന്മാദത്തിലാണ് കേരളം. കണ്ടെയ്‌നർ ലോറിയിൽ 500കിലോ കഞ്ചാവ് പിടിച്ചതാണ് ഒടുവിലത്തെ സംഭവം. കോടികളുടെ ലഹരി വസ്തുക്കളാണ് നിത്യേന വരുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും സുലഭം.

കടത്തുന്നതിന്റെ ഒരു ശതമാനം പോലും പിടികൂടുന്നില്ല. ഋഷിരാജ്സിംഗ് എക്സൈസ് കമ്മിഷണറായിരിക്കെ ക‌ർശന നടപടികളെടുത്തിരുന്നു. രണ്ടുവർഷത്തിനിടെ 1000 കോടിയുടെ മയക്കുമരുന്നാണ് എക്സൈസ് പിടിച്ചത്.

മാരകമായ സിന്ത​റ്റിക്ക് ലഹരി എം.ഡി.എം.എ, നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, പെത്തഡിൻ, കൊക്കെയ്ൻ, ഹെറോയിൻ, കെറ്റമീൻ, മയക്കുഗുളികകൾ, ലഹരി കഷായങ്ങൾ എന്നിവയെല്ലാം ഭൂഖണ്ഡങ്ങൾ കടന്ന് കേരളത്തിലേക്ക് ഒഴുകുന്നു. നിശാപാർട്ടികൾക്കും ഐ.ടി, സിനിമ മേഖലകളിലും ക്വട്ടേഷൻകാർക്കുമായി പോളണ്ട്, നെതർലാൻഡ്സ്, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്ന് കൊക്കെയ്ൻ എത്തിക്കുന്നു. കൊറിയറിൽ വീട്ടിലെത്തിക്കുന്ന ഓൺലൈൻ സൈറ്റുകളുമുണ്ട്.

അഞ്ച് മില്ലി മതി

കിലോയ്ക്ക് ഒരുകോടി വിലയുള്ള മാരകമായ 'മെത്ത്ട്രാക്‌സ് ' അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തുന്നു. അഞ്ച് മില്ലിഗ്രാം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ഉന്മാദം. ആജീവനാന്തം അടിമയാകും. ക്രിസ്റ്റൽ, പൊടി രൂപങ്ങളിൽ കിട്ടും. ഇത് ലോകം മുഴുവൻ നിരോധിച്ചതാണ്.

ബംഗളൂരുവിൽ നിന്നാണ് ഹാഷിഷ് എത്തിക്കുന്നത്. അഞ്ച് ഗ്രാമിന് 1000 രൂപ. സ്കൂളുകളിലും കോളേജുകളിലും ചെലവാകും. കഞ്ചാവ് ചെടി ഉണങ്ങുംമുൻപ് വാറ്റുന്ന ഹാഷിഷ് ഓയിലും സുലഭം. ആന്ധ്രയിൽ നിർമ്മിക്കുന്ന ഇത് ഡാൽഡയുടെ പായ്ക്കറ്റിലാണ് കടത്തുന്നത്. ആസ്‌ത്‌മാ രോഗികൾക്ക് ശ്വാസതടസം മാറാനുള്ള എഫിഡ്രിൻ നിരോധിച്ചെങ്കിലും, കിലോയ്ക്ക് മൂന്നുലക്ഷത്തിലേറെ വിലയുള്ള മയക്കുമരുന്നായി സുലഭമാണ്.

കൊച്ചി ഹോട്ടാണ്

മൂന്നാമത്തെ വലിയ ലഹരിവിപണിയാണ് കൊച്ചി. അമൃത്‌സറും മുംബയുമാണ് മുന്നിൽ. രാജസ്ഥാനിൽ മരുന്നിനായി സർക്കാർ ഉത്പാദിപ്പിക്കുന്ന 'ഓപിയം' കടത്തിക്കൊണ്ടുവന്ന് കോഴിക്കോട്ട് മൊത്തവ്യാപാരം നടത്തുന്നുണ്ട്. പ്രതിമാസം 100 കോടിയുടെ ലഹരി കച്ചവടം നടക്കുന്ന തിരുവനന്തപുരത്താണ് കൂടുതൽ കേസുകളും അറസ്റ്റും

കൊറിയറിൽ പറന്നെത്തും

കൊറിയറിൽ ലഹരിമരുന്നെത്തിക്കുന്നത് അന്താരാഷ്ട്ര ബന്ധമുള്ള ഏജൻസികളാണ്. രണ്ടു കൊറിയർ സർവീസുകളിലെ റെയ്ഡിൽ കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു. ഓൺലൈൻ മയക്കുമരുന്നു വ്യാപാരത്തിനെതിരേ കർശന നടപടിയെടുക്കുമെന്ന് മന്ത്റി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.

ജാമ്യമില്ലാകേസ്

വിദ്യാർത്ഥികൾക്ക് ലഹരിമരുന്നുകൾ നൽകുന്നവർക്കെതിരെ ബാലനീതി നിയമത്തിലെ 77-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുക്കും. ഏഴുവർഷത്തെ തടവും പിഴയും ലഭിക്കും. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാം.

2019ൽ പൊലീസ് പിടിച്ചത്

നാർക്കോട്ടിക്ക് കേസുകൾ-2640

കഞ്ചാവ്-1424കിലോ

ഹാഷിഷ്-2.875കിലോ

ഹാഷിഷ് ഓയിൽ-1.254കിലോ

എം.ഡി.എം.എ- 81.19ഗ്രാം

എൽ.എസ്.ഡി-5.55ഗ്രാം

ചരസ്- 54ഗ്രാം

ബ്രൗൺഷുഗർ- 137ഗ്രാം