തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിൽ മരിച്ച കരിമഠം സ്വദേശി അൻസാരിയുടേത് തൂങ്ങി മരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നട്ടെല്ലിന്റെ ഭാഗത്ത് രണ്ട് പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസ് പറഞ്ഞു. പരിക്കുണ്ടായത് സ്റ്റേഷനിലെത്തിയതിനു ശേഷമാണോ അതോ നാട്ടുകാർ പിടികൂടുമ്പോൾ പറ്റിയതാണോ എന്ന് പരിശോധിക്കും. ആഗസ്റ്റ് 16നാണ് കേസിനാസ്‌പദമായ സംഭവം. കിഴക്കേകോട്ടയിൽ നിന്ന് മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടിയ അൻസാരിയെ പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് 5.30ഓടെയാണ് അൻസാരിയെ കസ്റ്റഡിയിലെടുത്തത്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി സ്‌റ്റേഷനോട് ചേർന്നുള്ള ശിശു സൗഹൃദ ജനമൈത്രി കേന്ദ്രത്തിലാണ് ഇയാളെ എത്തിച്ചത്. കരിമഠം കോളനിയിൽ നിന്നു കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരും ഇയാൾക്കൊപ്പമുണ്ടായിരുന്നു. സ്‌റ്റേഷനിൽ നിറുത്തിയ അൻസാരിയുടെ ചുമതല രണ്ട് ഹോം ഗാർഡുമാരെ ഏല്പിച്ചിരുന്നു. ഇവിടെ നിന്നു ടോയ്‌ലെറ്റിലേക്കെന്ന് പറഞ്ഞു പോയ അൻസാരിയെ ഏറെനേരം കഴിഞ്ഞും പുറത്തേക്ക് കണ്ടില്ല. 9.45ഓടെ വാതിൽ തകർത്തു നോക്കിയപ്പോഴാണ് ഇയാൾ തൂങ്ങി നിൽക്കുന്നത് കണ്ടത്. അൻസാരിയെ കസ്റ്റഡിയിലെടുക്കുമ്പോഴും ദേഹത്ത് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ലെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നടപടിയെന്നും പൊലീസ് പറയുന്നു. പോക്‌സോ കേസടക്കം ആറ് കേസുകളിലെ പ്രതിയാണ് അൻസാരി. എന്നാൽ കസ്റ്റഡിയിലെടുത്തെങ്കിലും ഇക്കാര്യം സ്‌റ്റേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ ചെയ്‌തില്ലെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.