photo

പാലോട്: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങൾ. പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുവിള വാർഡിലെ വാറു വൻകാട്ടിൽ കാറ്റിലും മഴയിലും വൻ മരങ്ങൾ കടപുഴകി വീണ് ഒൻപതോളം വൈദ്യുതി പോസ്റ്റ് തകർന്ന് വൈദ്യുതി ബന്ധം തകരാറിലായി. ഇടിഞ്ഞാർ, മങ്കയം, അഗ്രി ഫാം തുടങ്ങിയ സ്ഥലങ്ങളിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്. നന്ദിയോട് പഞ്ചായത്തിലെ ചോനൽ വിളയിൽ കൂറ്റൻ മരം വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വട്ടപ്പൻകാട്, പച്ച, പവ്വത്തുർ, കള്ളിപ്പാറ, പുലിയൂർ ,എന്നിവിടങ്ങളിലും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. വാമനപുരം നദിയിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നതിനാൽ ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികാരികൾ അറിയിച്ചു.