തിരുവനന്തപുരം:വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗ് നിശ്ചയിച്ചതിന്റെ വിശദാംശങ്ങൾ തേടി കേരളം ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിനെ സമീപിച്ചു.
സ്‌കോറിങ്ങിനും റാങ്കിങ്ങിനും മാനദണ്ഡമാക്കിയ വിവരങ്ങളും ഫീഡ്ബാക്ക് വിശദാംശങ്ങളും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാതെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാതെയും റാങ്ക് നിശ്ചയിച്ചതിൽ അവ്യക്തതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെ. എസ്. ഐ. ഡി. സി എം.ഡി എസ്. ഹരികിഷോർ അറിയിച്ചു.
2019ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാനിന്റെ ഭാഗമായി 187 ദൗത്യങ്ങളായിരുന്നു ഓരോ സംസ്ഥാനവും ചെയ്യേണ്ടിയിരുന്നത്. ഇതിൽ 157എണ്ണവും (85%) കേരളം പൂർത്തിയാക്കിയിരുന്നു. റാങ്ക് പ്രസിദ്ധീകരിച്ച കേന്ദ്ര സർക്കാർ വെബ്‌സൈറ്റിൽ സംസ്ഥാനങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച ശതമാനം ലഭ്യമല്ല. പൂർത്തീകരിച്ച റിഫോം ആക്ഷൻ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരിൽ നിന്നും പ്രതികരണങ്ങൾ ശേഖരിച്ച ശേഷമുള്ള സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് തീരുമാനിച്ചതെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ ഫീഡ്ബാക്ക് സ്‌കോർ സംബന്ധിച്ച വിവരങ്ങളും വെബ്‌സൈറ്റിലില്ല.85 ശതമാനത്തിലധികം റിഫോം ആക്ഷൻ പോയിന്റുകൾ പൂർത്തിയാക്കിയിട്ടും, റാങ്കിങ് സംബന്ധിച്ച മാനദണ്ഡങ്ങളോ ഫീഡ്ബാക്കോ ഇതുവരെ കേരളത്തിന് ലഭിച്ചിട്ടില്ല. 2018-19ൽ ബിസിനസ് റീഫോം ആക്ഷൻ പ്ലാനിനു വേണ്ടിയുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് മാനദണ്ഡങ്ങൾ ഡി.പി.ഐ.ഐ.ടി അവതരിപ്പിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ പലതിലും റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ മാറ്റമുണ്ടായി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വേർതിരിച്ച് പ്രത്യേക റാങ്കിങ് നൽകിയത് ഇതിന് ഉദാഹരണമാണെന്ന് ഹരികിഷോർ പറഞ്ഞു.