marinja-lorry
ദേശീയപാതയിൽ നാവായിക്കുളത്ത് മറിഞ്ഞ ലോറി

കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം മങ്ങാട്ടുവാതുക്കൽ നാഷണൽ പെർമിറ്റ്‌ ലോറി കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശികളായ ലോറിയുടെ ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം.

നിറയെ ഉപ്പ് കയറ്റിയെത്തിയ ലോറി കൊല്ലം ഭാഗത്തേക്ക്‌ പോകവേ നിയന്ത്രണംതെറ്റി വലതുഭാഗത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിലേക്ക് തലകീഴായി മറിഞ്ഞെങ്കിലും ലോറിക്ക് വലിയ കേടുപാടുകൾ സംഭവിച്ചില്ല. അപകടം അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. കല്ലമ്പലം പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. രാത്രി വളരെ വൈകിയും ലോറിയിൽ നിന്നും ഉപ്പ് നീക്കം ചെയ്യാനോ ലോറി ഉയർത്താനോ സാധിച്ചില്ല. മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.