കൊച്ചി: നമ്പർ 20 മദ്രാസ് മെയിലിലെ ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടിക്ക് മോഹൻലാലിന്റെ പിറന്നാൾ ആശംസ. മമ്മൂട്ടിയുടെ 69-ാം പിറന്നാൾ ദിനത്തിലാണ് മോഹൻലാൽ ഫേസ് ബുക്കിലൂടെ ആശംസയുമായി എത്തിയത്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടാണ് മോഹൻലാൽ പോസ്റ്റിനൊപ്പം ആശംസാവരികൾ നൽകിയിട്ടുള്ളത്. "മൈ ഡിയർ ഇച്ചാക്കാ..വിഷ് യു എ ഹാപ്പി ബർത്ത്ഡേ ആൻഡ് മെനി മോർ ടു കം ... ലൗ യു ആൾവേയ്സ്..ഗോഡ് ബ്ളസ്." എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ കുറിച്ചിരിക്കുന്നത്. നമ്പർ 20 മദ്രാസ് മെയിലിലെ ഏറെ പ്രശസ്തമായ മോഹൻലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയിനുള്ളിലെ രംഗത്തെ രണ്ട് ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ കവിളിൽ ഉമ്മ കൊടുത്ത് പൊട്ടിച്ചിരിക്കുന്ന മോഹൻലാലിന്റെ ചിത്രം സിനിമാപ്രേമികളുടെയും ഇരുവരുടെയും ആരാധകരുടെയും എന്നത്തെയും ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളിലൊന്നാണ്.
ആശംസകളും മാഷപ്പ് വീഡിയോകളുമായി മമ്മൂട്ടിയുടെ പിറന്നാൾ ദിനം ആരാധകരും സിനിമാതാരങ്ങളും ആഘോഷമാക്കുന്നതിനിടെയാണ് മോഹൻലാലിന്റെ ആശംസകളെത്തിയത്. ഇരുവരുടെയും ആരാധകർ ചിത്രവും ആശംസകളും ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മുൻനിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും പിറന്നാൾ ആശംസയുമായെത്തിയിട്ടുണ്ട്. 1971ലെ 'അനുഭവങ്ങൾ പാളിച്ചകളിൽ' ആരംഭിച്ച്, 2020 ൽ റിലീസ് ചെയ്ത 'ഷൈലോക്ക്' വരെ 49 വർഷം നീളുന്ന വിസ്മയിപ്പിക്കുന്ന അഭിനയജീവിതത്തിൽ മമ്മൂട്ടി വിവിധ ഭാഷകളിലായി നാന്നൂറോളം സിനിമകൾ ചെയ്തിട്ടുണ്ട്.
കൊച്ചിയിലെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കും ചെറുമക്കൾക്കുമൊപ്പമാണ് മമ്മൂട്ടിയുടെ പിറന്നാളാഘോഷം. ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ആഘോഷം പാടില്ലെന്നാണ് സുഹൃത്തുക്കളോടും ആരാധകരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്. എങ്കിലും വാപ്പച്ചിക്ക് സർപ്രൈസ് ഒരുക്കാനുള്ള ശ്രമത്തിലാണ് മകനും നടനുമായ ദുൽഖർ സൽമാൻ. പിറന്നാളിനോട് അനുബന്ധിച്ച് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.