കല്ലമ്പലം: കാർഷിക സമൃദ്ധിയുടെ നിറവും പ്രതാപവും തിരിച്ചറിഞ്ഞ് ഒരു കൂട്ടം ചെറുപ്പക്കാർ പാടത്തേക്കിറങ്ങിയതോടെ തരിശുകിടന്നിരുന്ന ഭരണിക്കാവ് ഏലാ ഹരിതാഭമായി. നാവായിക്കുളം പഞ്ചായത്തിലെ ഭരണിക്കാവ് ഏലാ ഒരു കാലത്ത് പഞ്ചായത്തിലെ തന്നെ നെല്ലറകളിലൊന്നായിരുന്നു. വളരെക്കാലമായി തരിശുകിടന്നിരുന്ന നെൽപ്പാടങ്ങൾ കർഷക സമിതിയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു തവണ കൃഷിയിറക്കുകയുണ്ടായി.പരമ്പരാഗത കർഷകരായ ചിലർ കൃഷി ചെയ്യാൻ മുന്നോട്ടു വന്നെങ്കിലും ഇപ്രാവശ്യം യുവാക്കളെ രംഗത്തിറക്കുകയായിരുന്നു. മുഴുവൻ കൃഷിപ്പണികളും തങ്ങൾക്ക് വഴങ്ങുമെന്ന് അവർ തെളിയിക്കുകയായിരുന്നു. കർഷകനും പാടശേഖര സമിതിയുടെ പ്രസിഡന്റുമായ എം.ആർ.നിസാറിന്റെ നേതൃത്വത്തിൽ ബി.ടെക് വിദ്യാർത്ഥിയായ ഫിർദൗസ് ആലം,ഫിജാസ്,സബീബ്,അൽ അമീൻ,ദിൽഷാദ്,ഷിബു തുടങ്ങി നിരവധി യുവാക്കളാണ് വയലിലേക്കിറങ്ങിയത്. ഇതിൽ ഫിർദൗസ് ആലം,സബീബ് എന്നിവർ കാർഷിക മേഖലയിൽ നൽകിയ സംഭാവനകളെ പരിഗണിച്ച് അടൂർ പ്രകാശ് എം.പി.നേരിട്ടെത്തി ഇവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.