പൂവാർ: തീരദേശ മേഖലയായ കരുംകുളം ഗ്രാമ പഞ്ചായത്തിലെ പുല്ലുവിള ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് ജില്ലയിലെ പ്രധാന കൊവിഡ് ആശുപത്രികളിൽ ഒന്നായി മാറിയിരിക്കുകയാണ്. ജില്ലയിൽ കൊവിഡ് 19 രോഗവ്യാപനം സാമൂഹ്യ വ്യാപനത്തിലേക്ക് മാറിയതോടെ ആദ്യമായി നിലവിൽ വന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലൊന്നും ഇതു തന്നെയായിരുന്നു. ജനസാന്ദ്രതയുടെ കാര്യത്തിൽ ലോക റെക്കോഡായി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുള്ളതാണ് കരുംകുളം ഗ്രാമപഞ്ചായത്ത്. അവിടത്തെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്ക് ആനയിച്ചവരിൽ പ്രമുഖരായ രണ്ടു വ്യക്തികൾ ചേർന്നാണ് ഇരയിമ്മൻതുറയിലെ ഒരു ഓലപ്പുരയിൽ 1888ൽ ലിയോ തേർട്ടീൻത്ത് സ്കൂൾ തുടങ്ങിയത്. ലിയോ 13-ാമൻ മാർപാപ്പയുടെ പേരിലുള്ള സ്കൂൾ 1948ൽ പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയം ഏറ്റെടുത്തു. സർക്കാർ സഹായം കിട്ടി തുടങ്ങിയതിനാൽ 'ഗ്രാന്റ്' സ്കൂൾ എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി.
പുല്ലുവിളയുടെ അഭിമാനമാണ് സ്കൂളിനോട് ചേർന്നുള്ള ലിയോ തേർട്ടീൻത് സ്കൂൾ സ്റ്റേഡിയം. ഇതിനോടകം നിരവധി കായിക താരങ്ങളെ വാർത്തെടുക്കാൻ ഈ സ്റ്റേഡിയം ഉപകരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു സ്കൂളിൽ പ്രവർത്തിക്കേണ്ടതായ ലിറ്റിൽ കൈറ്റ്സ്, അക്ഷരവൃക്ഷം, ഗ്രന്ഥശാല, എൻ.സി.സി, സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡൻസ്, ജൂനിയർ റെഡ് ക്രോസ്, വിദ്യാരംഗം, സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, അനിമൽ ക്ലബ് തുടങ്ങിവയെല്ലാം കൃത്യതയോടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെ കലാ സാഹിത്യ പ്രവർത്തനങ്ങൾ, പത്ര വാർത്താ പ്രസിദ്ധീകരണം തുടങ്ങിയവയുമുണ്ട്. പുല്ലുവിള ഒരു മത്സ്യ ഗ്രാമം ആയതിനാൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള വിദഗ്ദ്ധർ ഗസ്റ്റുകളായെത്തി വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ക്ലാസുകൾ എടുക്കാറുമുണ്ട്.
സ്കൂളുകൾ രോഗികളെ കൊണ്ടല്ല, കുട്ടികളെ കൊണ്ട് നിറയുന്ന ഒരു പ്രഭാതത്തിനായി കാത്തിരിക്കുയാണ് രക്ഷിതാക്കളും നാട്ടുകാരും.