noufal

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയ പത്തൊൻപതുകാരിയെ ആംബുലൻസ് ഡ്രൈവർ വിജനസ്ഥലത്തെത്തിച്ച് പീഡിപ്പിച്ച അതിനിന്ദ്യവും കിരാതവുമായ സംഭവം കേരളീയ സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആറന്മുളയിൽ നടന്ന സംഭവത്തിൽ പ്രതി നൗഫൽ എന്നു പേരായ നരാധമനെ കൈയോടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിനു പുറമെ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തുകഴിഞ്ഞു. ഒരേ സംഭവത്തിൽ പല ഏജൻസികൾ കേസെടുക്കുന്നതിൽ വലിയ കാര്യമില്ല. പൊലീസ് എടുക്കുന്ന ക്രിമിനൽ കേസ് തന്നെ ധാരാളമാണ്. പോക്സോ വകുപ്പനുസരിച്ച് എടുക്കുന്ന കേസ് കോടതിയിലെത്തുമ്പോൾ വഴി തെറ്റാതിരുന്നാൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. അതിക്രൂരമായ ബലാത്സംഗ കേസാണെങ്കിൽ വധശിക്ഷ വരെ ലഭിക്കാവുന്ന വിധം നിയമം അതീവ ശക്തമാക്കിയിട്ടുമുണ്ട്. ആംബുലൻസ് പീഡനക്കേസിലെ നരാധമന് നിയമം അനുശാസിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷ തന്നെ ലഭിക്കുമെന്ന് ഉറപ്പാക്കേണ്ട സാമൂഹ്യബാദ്ധ്യതയാണ് നിയമ നീതിപാലകരുടെ കൈകളിൽ അർപ്പിതമായിരിക്കുന്നത്. ദിവസങ്ങൾ വൃഥാ നീട്ടിക്കൊണ്ടുപോകാതെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനും തുടർച്ചയായി വിചാരണ പൂർത്തിയാക്കി പ്രതിയെ ശിക്ഷിക്കാനും നടപടി ഉണ്ടാകണം. കേരളത്തെ ഒന്നടങ്കം നാണം കെടുത്തിയ ഈ കിരാത സംഭവത്തിൽ സ്റ്റേറ്റിനു ഇനി ചെയ്യാനാവുന്നത് അതു മാത്രമാണ്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതിന്റെ സർവ്വവിധ ആകുലതകളോടും കൂടി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ക്രൂരമായ മാനഭംഗത്തിനിരയാകേണ്ടിവന്ന ആ യുവതിയുടെ ദുര്യോഗത്തിൽ മനസു നീറാത്തവരായി ആരുമുണ്ടാകില്ല. ആശുപത്രികളിൽ ചികിത്സ തേടി എത്തുന്ന സ്‌ത്രീകളും യുവതികളും മാത്രമല്ല കുട്ടികൾ പോലും ലൈംഗികാക്രമണങ്ങൾക്ക് വിധേയരാകുന്നതിനെക്കുറിച്ച് ഇടയ്ക്കിടെ കേൾക്കാറുണ്ട്. എന്നാൽ ആറന്മുളയിൽ നടന്നതു പോലുള്ള പൈശാചികവും ഹീനവുമായ ഒന്ന് അപൂർവം തന്നെയാണ്. വിജനമായ സ്ഥലത്തെത്തിച്ചാണ് പ്രതി കൃത്യത്തിനു മുതിർന്നത്. ആംബുലൻസിൽ യുവതിക്കൊപ്പമുണ്ടായിരുന്ന വീട്ടമ്മയായ മറ്റൊരു രോഗിണിയെ ഇടയ്ക്ക് ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് യുവതിയെ മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ വിജനപ്രദേശത്ത് എത്തിച്ചത്. അപായപ്പെടുത്താൻ ശ്രമിച്ചില്ലെന്നതു മാത്രമാണ് ഏറ്റവും ആശ്വാസകരമായ കാര്യം.

ആംബുലൻസ് പീഡനത്തിനെതിരെ സാർവത്രികമായ പ്രതിഷേധങ്ങളുടെ നടുവിലാണ് ഇപ്പോൾ കേരളം. ഓർക്കാപ്പുറത്തു ലഭിച്ച നല്ലൊരു രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം അത് ഏറ്റെടുത്തിട്ടുമുണ്ട്. ഭരണപക്ഷക്കാരാകട്ടെ സർക്കാരിന് പ്രതിരോധ കവചം തീർക്കാൻ വല്ലാതെ പാടുപെടുന്നു. ആരോപണങ്ങളും പ്രതിഷേധ മുറകളും കൊഴുക്കവെ ഏവരും ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട്. ഏതു സർക്കാർ അധികാരത്തിലിരിക്കുമ്പോഴും ഇതുപോലുള്ള മനുഷ്യാധമന്മാർ കൂടി ഉൾപ്പെട്ടതാണ് നമ്മുടെ സമൂഹം. എന്തു പാതകം ചെയ്യാനും മടിക്കാത്ത, അതിൽ ഒരു കുറ്റബോധവും തോന്നാത്ത അതിനീച മനസുമായി വിഹരിക്കുന്നവർ സമൂഹത്തിൽ പെരുകിക്കൊണ്ടിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഇതൊക്കെ. വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ദേഹാസകലം പൊള്ളലേറ്റ് ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിൽ കഴിഞ്ഞ ഒരു സ്ത്രീക്കു നേരെ നടന്ന പീഡനശ്രമം ഓർമ്മവരുന്നു. ആശുപത്രിയിലെ തന്നെ ഒരു കീഴ് ജീവനക്കാരനായിരുന്നു ഇതിനു പിന്നിൽ. ഡൽഹിയിലും യു.പിയിലും ബിഹാറിലുമൊക്കെ ഈ അടുത്ത കാലത്ത് കൊവിഡ് ബാധിതരായ സ്‌ത്രീകൾക്കു നേരെ നടന്ന അതിക്രമങ്ങളെപ്പറ്റി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രപഞ്ചശക്തികളെ മറന്നുള്ള മനുഷ്യന്റെ കിരാത പ്രവർത്തികൾക്കുള്ള ശിക്ഷയാണ് ലോകം ഇന്ന് കൊവിഡിന്റെ രൂപത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ദാർശനികരും ആത്മീയവാദികളുമൊക്കെ പറയുന്നത് ശരിവയ്ക്കുന്ന വിധത്തിലുള്ള പൈശാചിക പ്രവൃത്തികൾക്കാണ് ഇപ്പോഴും മനുഷ്യകുലം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്.

ആറന്മുള സംഭവത്തിൽ ആരോഗ്യവകുപ്പിനു സംഭവിച്ച ഗുരുതരമായ വീഴ്ചകളെക്കുറിച്ച് ശക്തമായ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. പാതിരാത്രിയിൽ രണ്ട് സ്ത്രീകളെ മാത്രം ആംബുലൻസിൽ കയറ്റിവിട്ട അത്യധികം നിരുത്തരവാദപരമായ നടപടിയാണ് ഏറെ ചോദ്യം ചെയ്യപ്പെടുന്നത്. ഇത് വലിയ വീഴ്ച തന്നെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സമ്മതിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണം നടത്താനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യപ്രവർത്തകരുടെ അകമ്പടി കൂടാതെ തന്നെ രാത്രിയിലും ഇതുപോലെ സ്ത്രീകളായ രോഗികളെ ആംബുലൻസിൽ ആശുപത്രികളിലേക്ക് അയയ്ക്കാറുണ്ടെന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ കുറവുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നു പറയുന്നതിൽ അർത്ഥമില്ല. സ്ത്രീ സുരക്ഷ പരമപ്രധാനമായ ആദർശ സൂക്തമായി സ്വീകരിച്ചിട്ടുള്ള ഇടതുമുന്നണി സർക്കാരിന് വളരെയികം കളങ്കമേല്പിക്കുന്നതാണ് ഈ സംഭവം. പീഡന സംഭവത്തിലെ പ്രതി വധശ്രമക്കേസുൾപ്പെടെ പല കേസുകളിലും പ്രതിയാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരുവന് 108 ആംബുലൻസ് ഡ്രൈവറായി എങ്ങനെ നിയമനം ലഭിച്ചു എന്നതും അന്വേഷണവിധേയമാക്കണം. 108 ആംബുലൻസ് നടത്തിപ്പ് ഹൈദരാബാദിലെ ഒരു കമ്പനിയെ ഏല്പിച്ചിരിക്കുന്നതിനാൽ തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നു പറഞ്ഞ് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിശ്വാസ്യതയും കൃത്യതയും ഉള്ള ആംബുലൻസ് സർവീസാണിത്. ഒറ്റപ്പെട്ടതാണെങ്കിൽ പോലും അവയുടെ ഡ്രൈവർമാർക്കിടയിൽ ഒരാൾ മാത്രം വരുത്തുന്ന തെറ്റുകുറ്റങ്ങൾക്കും ആ സർവീസിന് മൊത്തം അവമതി ഏൽക്കേണ്ടിവരും. രക്ഷകരായി ജനങ്ങൾക്കിടയിൽ സ്നേഹാദരവുകൾ നേടിയിട്ടുള്ള 108-ലെ ജീവനക്കാരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്. ആറന്മുള സംഭവത്തിന്റെ വെളിച്ചത്തിൽ വിഷക്കളകളെ കണ്ടെത്തി ഇല്ലാതാക്കാൻ സമഗ്രമായ പരിശോധനകൾ ഉടനെ ആരംഭിക്കേണ്ടിയിരിക്കുന്നു. അതുപോലെ ആംബുലൻസുകളിൽ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയ ഒരാൾ രോഗികളെ അനുഗമിക്കാൻ നിർബന്ധമായും ഉണ്ടാവുകയും വേണം. ആദ്യകാലത്ത് യാതൊരുവിധ ആക്ഷേപവും കൂടാതെ മാതൃകാപരമായി നടന്നുവന്ന കാര്യങ്ങളാണിതൊക്കെ. രോഗികൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നതു കൊണ്ടാകാം വീഴ്ചകളും സംഭവിക്കുന്നത്. വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിലാണ് മിടുക്ക് കാണിക്കേണ്ടത്. ആംബുലൻസ് പീഡനം ഒരു മുന്നറിയിപ്പാണ്. രോഗികൾ ആണായാലും പെണ്ണായാലും അവരുടെ സുരക്ഷ പരമപ്രധാനം തന്നെയാണ്. സ്ത്രീകളാകുമ്പോൾ ഉത്തരവാദിത്വം പതിന്മടങ്ങാകുമെന്ന പ്രത്യേകതയുമുണ്ട്. രാത്രികാലങ്ങളിൽ സ്ത്രീകളെ ആശുപത്രികളിലേക്ക് ഇനിമേൽ അയയ്ക്കുകയില്ലെന്ന് ആരോഗ്യവകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ അതു വേണ്ടിവരുമെന്ന് ഓർക്കണം. സുരക്ഷ ഒരുക്കുകയാണ് പ്രധാനം. അതിൽ വീഴ്ച ഉണ്ടാകരുത്.