നെടുമങ്ങാട്: നഗരസഭയിലെ തോട്ടുമുക്ക് പൊതുജന ഗ്രന്ഥശാലയുടെ ചിരകാല സ്വപ്നമായ സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി. നഗരസഭയുടെ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷം രൂപയ്‌ക്കാണ് തോട്ടുമുക്ക് ജംഗ്ഷനിൽ ആധുനിക രീതിയിലുള്ള ഇരുനില കെട്ടിടം നിർമ്മിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഇരുപതിനായിരം പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം, വിദ്യാർത്ഥികൾക്കായി കംപ്യൂട്ടർ പഠന സംവിധാനം, പ്രത്യേക ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ സാഹിത്യകാരൻ ഉത്തരംകോട് ശശിയുടെ നേതൃത്വത്തിൽ 2001 സെപ്തംബറിൽ തുടങ്ങിയ ഗ്രന്ഥശാലയുടെ ആദ്യകാല പ്രവർത്തനം വാടക കെട്ടിടത്തിലായിരുന്നു. അതിനിടെ നാട്ടുകാരുടെ സഹായത്തോടെ സ്വന്തം കെട്ടിടം നിർമ്മിക്കാൻ മുളമുക്കിൽ രണ്ട് സെന്റ് സ്ഥലം വാങ്ങി. എന്നാൽ കെട്ടിട നിർമ്മാണം നടന്നില്ല. തുടർന്ന് തോട്ടുമുക്ക് ജംഗ്ഷനിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി.
ഭാരവാഹികളായ സത്യശീലൻ, സുലൈമാൻ എന്നിവരുടെ നേതൃത്വത്തിൽ സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിൽ ഗ്രന്ഥശാല പ്രവർത്തനം സജീവമായി. നഗരസഭയുടെ മുൻ കൗൺസിലർ പീതാംബരൻ നായരുടെ ഭാര്യ ഓമനകുഞ്ഞമ്മയുടെയും കൂമ്പള്ളി വീട്ടിൽ ശശിധരൻ, പ്രഭാകരൻ എന്നിവരുടെയും ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങളുടെയും സഹകരണത്തോടെ തോട്ടുമുക്ക് ജംഗ്ഷനിൽ ഒന്നര സെന്റ് സ്ഥലം വാങ്ങി. കൗൺസിലർ പി. രാജീവ് പ്രസിഡന്റും എം.എസ്. മോഹനകുമാർ സെക്രട്ടറിയുമായ 11 അംഗ ഭരണസമിതിയാണ് മേൽനോട്ടം വഹിക്കുന്നത്.