ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ ആറ്റിങ്ങൽ നഗരസഭയുടെയും സായിഗ്രാമിന്റെയും സംയുക്ത സംരംഭമായ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം സിനിമാതാരം മമ്മൂട്ടി ഓൺലൈനിലൂടെ നിർവഹിച്ചു. അഡ്വ.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ്, സായിഗ്രാം ഡയറക്ടർ ബോർഡ് അംഗം ശ്രീകാന്ത്, നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിലൂടെ ഇതിനോടകം പതിനായിരത്തിലധികം പേർക്ക് ഡയാലിസിസ് നടത്തിക്കഴിഞ്ഞു. രണ്ടാംഘട്ടം ആരംഭിക്കുന്നതോടെ ഒരേ സമയം പത്തുപേർക്ക് സൗജന്യമായി ഡയാലിസിസ് നടത്താൻ കഴിയും.
ചെലവ് 1.42 കോടി
ഒരുകോടി നാൽപ്പത്തി രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവായത്. കഴിഞ്ഞ 5 വർഷത്തിനിടെ ആശുപത്രിയിൽ നഗരസഭയുടെയും സർക്കാരിന്റെയും നിരവധി പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. സൗജന്യ ഡയാലിസിസ് യൂണിറ്റിന് പുറമെ ആർദ്രം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പുതിയ ഒ.പി ബ്ലോക്ക്, നേത്രരോഗ വിഭാഗം, വനിതാ കാന്റീൻ എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
...........................
ഡിജിറ്റൽ എക്സ്റേ യൂണിറ്റ് മാസങ്ങൾക്ക് മുമ്പുതന്നെ പ്രവർത്തനം ആരംഭിച്ചു. പുതിയ പ്രസവ വാർഡിന്റെ കെട്ടിട നിർമ്മാണം ഈ മാസം ആരംഭിക്കും. പതിനഞ്ച് കോടിയോളം രൂപ ചെലവിൽ വിവിധ പദ്ധതികൾക്കാണ് വലിയകുന്ന് താലൂക്കാശുപത്രിയിൽ തുടക്കമായത്.
എം. പ്രദീപ്, നഗരസഭാ ചെയർമാൻ