ആശംസകളും മാഷപ്പ് വീഡിയോകളുമായാണ് മമ്മൂട്ടിയുടെ പിറന്നാൾ ദിനം ആരാധകരും സിനിമാതാരങ്ങളും ആഘോഷമാക്കിയത്. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മുൻനിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും പിറന്നാൾ ആശംസയുമായെത്തിയിരുന്നു. കൊച്ചിയിലെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കും ചെറുമക്കൾക്കുമൊപ്പമാണ് മമ്മൂട്ടിയുടെ പിറന്നാളാഘോഷം. കേക്ക് മുറിക്കുന്നതിന്റെ ചിത്രവും മമ്മൂട്ടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. " നിങ്ങൾക്കൊപ്പം ഈ കേക്ക് പങ്കുവയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.." എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. വാപ്പിച്ചിക്ക് ദുൽഖർ സൽമാൻ സ്‌നേഹചുംബനം നൽകുന്ന ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ, ഞങ്ങൾ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു എന്നാണ് ദുൽഖർ പറയുന്നത്.
1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങൾ പാളിച്ചകൾ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ൽ അഭിനയിച്ച കാലചക്രത്തിലാണ്.
എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായില്ല. പിന്നീട് 1980ൽ കെ.ജി ജോർജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറിൽ ബ്രേക്ക് നൽകുന്നത്. പിന്നീട് പി.ജി വിശ്വംഭരൻ, ഐ.വി ശശി, ജോഷി, സത്യൻ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പർ സ്റ്റാർ പട്ടം സ്വന്തമാക്കുകയായിരുന്നു.
ദുൽഖർ സൽമാന്റെ കുറിപ്പ്:
എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവൻ. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവൻ. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുകയാണ്. ഈ സമയം നിങ്ങളോടൊപ്പം ചിലവഴിക്കാനാവുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്..ഞങ്ങൾക്കെല്ലാവർക്കും. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. ഹാപ്പി ബർത്ത്‌ഡേ… നിങ്ങൾ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ… ഞങ്ങൾ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു.
ലാലിന്റെ പിറന്നാൾ ആശംസ
നമ്പർ 20 മദ്രാസ് മെയിലിലെ ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടിക്ക് മോഹൻലാലിന്റെ പിറന്നാൾ ആശംസ. മമ്മൂട്ടിയുടെ 69-ാം പിറന്നാൾ ദിനത്തിലാണ് മോഹൻലാൽ ഫേസ് ബുക്കിലൂടെ ആശംസയുമായി എത്തിയത്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടാണ് മോഹൻലാൽ പോസ്റ്റിനൊപ്പം ആശംസാവരികൾ നൽകിയിട്ടുള്ളത്. "മൈ ഡിയർ ഇച്ചാക്കാ..വിഷ് യു എ ഹാപ്പി ബർത്ത്ഡേ ആൻഡ് മെനി മോർ ടു കം ... ലൗ യു ആൾവേയ്സ്..ഗോഡ് ബ്ളസ്." എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ കുറിച്ചിരിക്കുന്നത്. നമ്പർ 20 മദ്രാസ് മെയിലിലെ ഏറെ പ്രശസ്തമായ മോഹൻലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയിനുള്ളിലെ രംഗത്തെ രണ്ട് ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചിട്ടുള്ളത്.
ആശംസയുമായി സുരേഷ് ഗോപിയും
പൊന്നാടയണിഞ്ഞ് നിൽക്കുന്ന മമ്മൂട്ടിയെ ചേർത്തുപിടിച്ചുള്ള ചിത്രവുമായാണ് സുരേഷ് ഗോപി എത്തിയത്. ചിരിച്ച് നിൽക്കുന്ന ഇരുവരേയും കണ്ടപ്പോൾ ആരാധകരും സന്തോഷത്തിലാണ്. നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്. രൺജി പണിക്കരുടെ മകനും സംവിധായകനുമായ നിഥിൻ രൺജി പണിക്കരായിരുന്നു ആദ്യം കമന്റുമായെത്തിയത്.
ഇക്കയ്ക്ക് പിറന്നാളാശംസകൾ, ഇനിയും ഒരുപാട് വർഷം സന്തോഷത്തോടെ മുന്നേറാൻ കഴിയട്ടെയെന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്. സുരേഷ് ഗോപിയുടെ മകനും അഭിനേതാവുമായ ഗോകുൽ സുരേഷും മമ്മൂട്ടിക്ക് പിറന്നാളാശംസ നേർന്നെത്തിയിരുന്നു. മാസ്റ്റർപീസ് സിനിമയുടെ പ്രമോഷനിടയിലെ ചിത്രവും പങ്കുവച്ചാണ് താരപുത്രൻ എത്തിയത്. ഗോകുൽ സിനിമയിൽ അരങ്ങേറിയപ്പോൾ ആശംസയുമായി മമ്മൂട്ടി എത്തിയിരുന്നു.
ടീസർ പങ്കുവച്ച് പാർവതി
മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി പാർവതി. മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായെത്തുന്ന 'വൺ' എന്ന ചിത്രത്തിന്റെ ടീസറാണ് പാർവതി ഫേസ്ബുക്ക് സ്റ്റോറിയാക്കിയിട്ടുള്ളത്.
പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ മമ്മൂട്ടിയുടെ 'വൺ'ന്റെ ട്രെയ്ലറിന് വൻ സ്വീകരമാണ് ലഭിക്കുന്നത്. സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണിത്. മമ്മൂട്ടി നായകനായെത്തിയ ഗാനഗന്ധർവിന് ശേഷം ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'വൺ'.
മമ്മൂട്ടിക്ക് ആശംസകളുമായി സംവിധായകരും എത്തിയിരുന്നു.തന്റെ സിനിമാജീവിതത്തിന്റെ തുടക്കം മുതൽ കൂട്ടായി നിന്ന, നിരവധി സിനിമകളിൽ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ച മമ്മൂട്ടിയുമായുള്ള അനുഭവങ്ങൾ പങ്കുവച്ചുക്കൊണ്ടായിരുന്നു സംവിധായകൻ രഞ്ജിത്തിന്റെ കുറിപ്പ്. കയ്യൊപ്പ്, കേരള കഫേ, പ്രാഞ്ചിയേട്ടൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് രഞ്ജിത്ത് ആശംസക്കുറിപ്പിൽ വിശദമാക്കുന്നുണ്ട്.
വൈശാഖിന്റെ കുറിപ്പ്:
പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന്, പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്, പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല. ചെന്നപ്പോഴൊക്കെ വാതിൽ തുറന്നു തന്നു, കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് തന്നു. പോക്കിരിരാജയിൽ പകച്ചു നിന്നപ്പോൾ, കരുതലിന്റെ സംരക്ഷണം തന്നു. മധുരരാജയിൽ വാശി പിടിച്ചപ്പോൾ, വാത്സല്യത്തിന്റെ നിറചിരി തന്നു. വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു, ഒരു ഫോൺ കോളിനപ്പുറത്ത് വൻമതിലിന്റെ സംരക്ഷണം പോലെ, ഒരു 'വല്യേട്ട'നുണ്ട്!
വിണ്ണിലെ താരമല്ല, മണ്ണിലെ മനുഷ്യൻ! അഭ്രപാളികളിൽ നിരന്തരം വിസ്മയം തീർക്കുമ്പോളും, ജീവിതത്തിൽ ഇനിയും 'അഭിനയിക്കാൻ' പഠിച്ചിട്ടില്ലാത്ത നടൻ, പ്രിയപ്പെട്ട മമ്മൂക്ക! എനിക്ക് മാത്രമല്ല പലർക്കും മമ്മൂക്ക ഒരു കോൺഫിഡൻസ് ആണ്. കാരണം, വിജയിക്കുന്നവന്റെയും പരാജയപ്പെടുന്നവന്റെയും മുന്നിൽ ആ വാതിൽ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും.
ഒരു വേർതിരിവും ഇല്ലാതെ, ഒരു കരുതൽ ഇവിടെയുണ്ട് എന്ന ഉറപ്പോടെ …പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ … Happy Birthday Mammookka…
ഷാജി കൈലാസിന്റെ കുറിപ്പ്:
കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു ഈ മഹാ (നടൻ) പ്രസ്ഥാനം…. മമ്മൂക്ക ഓരോ നിമിഷത്തിലും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്….. അത് അഭിനയത്തിൽ മാത്രമല്ല, വക്തിത്വം കൊണ്ടാണെങ്കിലും, ഫാഷൻ കൊണ്ടാണെങ്കിലും, ആരോഗ്യ സംരക്ഷണം കൊണ്ടാണെങ്കിലും, ടെക്‌നോളജിയെ കുറിച്ചാണെങ്കിലും, അറിവിന്റെ കാര്യത്തിലാണെങ്കിലും, പുതിയ ചിന്തകൾ കൊണ്ടാണെങ്കിലും,
മമ്മുക്ക സ്വയം നവീകരിക്കാൻ ശ്രമിക്കുന്നു… ഒപ്പം തന്റെ ചുറ്റുപാടുമുള്ളവരെ കൂടി നവീകരണത്തിന്റെ ഭാഗമാകുന്നു…ഒരു കംപ്ലീറ്റ് ആക്ടർ എന്ന അവസ്ഥയിൽ നിന്ന് ഒരു കംപ്ലീറ്റ് 'man' എന്ന തലത്തിലേക്ക് മാറി (മാറ്റിയെടുത്തു) നമ്മുടെ മമ്മുക്ക.. ചെറുപ്പം കാത്തുസൂഷിക്കുന്നതും എപ്പോഴും ചെറുപ്പമായിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. എപ്പോഴും യുവത്വമുള്ള കഥാപാത്രങ്ങൾ (സിനിമകൾ) ചെയ്യാനനുള്ള മമ്മുക്കയുടെ താല്പര്യം ഇതിന് ഉദാഹരണം.. മമ്മുക്ക വരും കാലത്തോട് സംസാരിക്കുന്ന നടനാണ്.
അത് കൊണ്ടാണ് എനിക്ക് കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന വക്തി (സഞ്ചാരി )എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നത്….. സ്‌നേഹമുള്ള വല്യേട്ടന്, പുണ്യം ചെയ്ത ഈ ജന്മത്തിനു, കോടി ജന്മദിനാശംസകൾ...