et

വർക്കല: സ്റ്റേഷനിൽ മാതൃകാ കൃഷിത്തോട്ടമൊരുക്കി ജനശ്രദ്ധ നേടുകയാണ് വർക്കല പൊലീസ്. വർക്കല കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചെറുന്നീയൂർ ഗ്രാമപഞ്ചായത്തിലെ കാർഷിക കർമ്മസേനയുടെ സഹകരണത്തോടെയാണ് സ്റ്റേഷൻ വളപ്പിൽ പച്ചക്കറിത്തോട്ടമൊരുക്കിയത്. ആറു ക്ലസ്റ്ററുകളായി വിവിധയിനം പച്ചക്കറികളാണ് കൃഷിചെയ്യുന്നത്.

തിരിതന സമ്പ്രദായത്തിൽ കൃഷി പരിപോഷിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്റ്റേഷനിലെ പുതിയ മന്ദിരത്തിന്റെ വടക്കു ഭാഗത്താണ് വിശാലമായ തോട്ടം ക്രമീകരിച്ചത്. ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ ജയപ്രസാദിന്റെ ആശയവും അദ്ധ്വാനവുമാണ് സംഭരഭത്തിന് കരുത്തായത്.

പാവയ്ക്ക, ചീര, വെണ്ടയ്ക്ക, പടവലം, മുളക്, വെള്ളരിക്ക, അമരക്ക, തക്കാളി, കത്തിരിക്ക, ചേന, ചേമ്പ്,തുടങ്ങിയ നൂറോളം പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. ജൈവവളമാണ് ഉപയോഗിക്കുന്നത്. മുളയും കയറുമുപയോഗിച്ച് തോട്ടത്തിന് മനോഹരമായ സംരക്ഷണ വേലിയുമൊരുക്കി.

 മാതൃകയായി മത്സ്യക്കൃഷിയും

ജയപ്രസാദ് മുൻകൈയെടുത്ത് ശുദ്ധജല മത്സ്യക്കൃഷിയും ചിൽഡ്രൻസ് പാർക്കും ഓപ്പൺ ജിംനേഷ്യവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. 15000 സംഭരണ ശേഷിയുള്ള ടാങ്കിലാണ് മത്സ്യക്കൃഷി. മീൻ വളർത്തലും കൃഷിയും ഒന്നിച്ച് നടത്തുന്ന അക്വാഫോണിക്സ് സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്. വർഷങ്ങളായി കാടുപിടിച്ചു കിടന്ന സ്ഥലമാണ് വൃത്തിയാക്കി കൃഷിത്തോട്ടം പദ്ധതി നടപ്പാക്കണമെന്ന ജയപ്രസാദിന്റെ ആഗ്രഹം എസ്.എച്ച് ഒ ജി. ഗോപകുമാറിനോട് പറഞ്ഞതോടെ സഹപ്രവർത്തകരുടെ പിന്തുണയും ലഭിച്ചു. തുടർന്നാണ് പച്ചക്കറിത്തോട്ടവും അനുബന്ധ പദ്ധതികളും സ്റ്റേഷനിൽ നടപ്പിലാക്കിയത്. ഒമ്പതിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വർക്കല പൊലീസ് സ്റ്റേഷന് മുന്നിലെ പൂന്തോട്ടത്തിന്റെ അമരക്കാരനും ജയപ്രസാദാണ്.