നാഗർകോവിൽ: യുവാവിനെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തിനെ ആശാരിപ്പള്ളം പൊലീസ് അറസ്റ്റുചെയ്‌തു. നാഗർകോവിൽ കീഴ് ആശാരിപ്പള്ളം അണ്ണാ തെരേസ തെരുവ് സ്വദേശി അലക്‌സ് പ്രേം (39) കൊല്ലപ്പെട്ട സംഭവത്തിൽ പുരുഷോത്താണ് (28) പിടിയിലായത്. ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ: മേയ് 26ന് അലക്‌സ് പ്രേമും പുരുഷോത്തും മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി വീട്ടിന് സമീപത്തുനിന്ന പുരുഷോത്ത് അതുവഴി ബൈക്കിലെത്തിയ അലക്‌സ് പ്രേമിനെ തടഞ്ഞുനിറുത്തി തറയിൽ തള്ളിയിട്ട ശേഷം നെഞ്ചിൽ ഇടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ വന്നപ്പോഴേക്കും പുരുഷോത്ത് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ അലക്‌സ് പ്രേമിനെ നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശാരിപ്പള്ളം സ്റ്റേഷനിലെ ഇൻസ്‌പെക്ടർ സായി ലക്ഷ്‌മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിൽ പോയ പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.