mango

കിളിമാനൂർ: യാത്രക്കാർക്ക് ഭീഷണി ഉയർത്തി റോഡരികിൽ നിന്ന ഉണങ്ങിയ കൂറ്രൻ മാവ് ഒടുവിൽ മുറിച്ചുമാറ്രി. വിഷയത്തിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അധികൃതർ ഉണർന്നു പ്രവർത്തിച്ചത്. പുതിയകാവ് - ആലംകോട് റോഡിൽ ചൂട്ടയിൽ ജംഗ്ഷനിൽ നിന്നിരുന്ന മരമാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണി ഉയർത്തിയിരുന്നത്. 50 വർഷത്തിലേറ പഴക്കമുള്ളതും മാസങ്ങൾക്ക് മുമ്പ് പച്ചപ്പോടെ നിന്നിരുന്നതുമായ മാവ് പെട്ടെന്ന് ഇലകൾ കൊഴിഞ്ഞ് ശിഖരങ്ങൾ ഉണങ്ങി നശിക്കുകയായിരുന്നു. ഇതിലെ മാങ്ങ പറിക്കുന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നതിനാൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതാണെന്ന ആരോപണം അന്നേ നിലനിന്നിരുന്നു. ശക്തമായ കാറ്രിൽ എതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു മാവ് നിന്നിരുന്നത്.

നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് നടപടികൾ വൈകിപ്പിക്കരുതെന്നും എത്രയും വേഗം മാവ് മുറിച്ചുമാറ്റണമെന്നുമുള്ള ആവശ്യം നാട്ടിൽ ശക്തമായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്

കേരളകൗമുദി സെപ്തംബർ 4ന് വാർത്ത പ്രസിദ്ധീകരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ബി. സത്യൻ എം.എൽ.എ പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടർന്നാണ് കഴിഞ്ഞ ദിവസം മാവ് മുറിച്ചുമാറ്റിയത്.