narcotics

ചില ഉന്നത ഉദ്യോഗസ്ഥരുടെ മക്കളെയും ലഹരിമാഫിയ വലയിലാക്കിയിട്ടുണ്ട്. കുറേക്കാലം മുൻപ് ലഹരിക്ക് അടിമകളായിപ്പോയ തലസ്ഥാനത്തെ 105 സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പൊലീസ് കണ്ടെത്തിയിരുന്നു. എ.ഡി.ജി.പിയുടെ കുടുംബ ബന്ധുവിന്റെ മകൻ മുതൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ മക്കൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ലഹരിവിമുക്ത കേന്ദ്രങ്ങളിൽ ഒരുമാസം വരെ നീളുന്ന ചികിത്സയിലൂടെ ഇവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.

ഫ്ലാറ്റുകളിലും ഹോട്ടലുകളിലും വിദ്യാർത്ഥിനികളടക്കം പങ്കെടുക്കുന്ന ലഹരിപാർട്ടികൾ തലസ്ഥാനത്ത് സജീവമാണ്. ശാസ്തമംഗലത്ത് വാടകവീട്ടിൽ കൊലക്കേസ് പ്രതി മയക്കുമരുന്ന് വ്യാപാരം നടത്തിട്ടും പൊലീസിന് കണ്ടെത്താനായിരുന്നില്ല. വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് ഉപയോഗിക്കാനും ശാസ്തമംഗലത്തെ വീട്ടിൽ സൗകര്യമുണ്ടായിരുന്നു.

കിലോയ്ക്ക് ഒരു കോടി രൂപ വിലയുള്ള 'മെത്ത്ട്രാക്‌സ് ' മയക്കുമരുന്ന് തലസ്ഥാനത്ത് പിടികൂടിയിരുന്നു. രാജ്യത്തുതന്നെ അപൂർവമായി ലഭിക്കുന്ന 'മെത്ത്ട്രാക്‌സ് ' അഫ്ഗാനിസ്ഥാനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ എത്തിച്ചതാണെന്നാണ് മ്യൂസിയം പൊലീസ് കണ്ടെത്തിയത്. ജവഹർനഗറിൽ എൽ.എസ്.ഡിയും കൊക്കെയിനുമൊഴുക്കിയ ആഡംബരപാർട്ടി നടന്നിട്ടും ഏറെക്കാലമായില്ല.

കരയുന്നു , യുവതി ചിരിക്കുന്നു

യുവതിയുടെ അലറിക്കരച്ചിലും കൂവലും കേട്ട ഫ്ളാറ്റ് നിവാസികൾ ഞെട്ടി. പകൽ നേരത്തെ നിമിഷങ്ങളിലേക്ക് ഓടിയെത്തിവർക്ക് ആ കാഴ്ച ഒരിക്കലും മറക്കാനാവില്ല. ബെഡ്റൂമിൽ നിലത്ത് തുണിയില്ലാതെ കിടക്കുന്ന യുവതി പലതും പുലമ്പുന്നു. കാലുയർത്തി നിലത്തടിക്കുന്നു. കൈകൾ കൊട്ടി ചിരിക്കുന്നു. ഇടയ്ക്ക് കരയുന്നു. തൊട്ടടുത്ത് എന്തു നടക്കുന്നുവെന്ന് അറിയാതെ ഉന്മാദ ലഹരിയിൽ അവർ ആറാടുകയാണ്. മദ്യക്കുപ്പികളും ടച്ചിംഗ്സുമില്ല. ഫ്ളാറ്റ് അസോസിയേഷൻകാർ വിളിച്ചുവരുത്തിയ പൊലീസുകാർ കണ്ടെത്തിയത് വിലകൂടിയ മയക്കുമരുന്നിന്റെ അംശങ്ങൾ. ആളെ തിരിച്ചറിഞ്ഞതോടെ ചുറ്റും കൂടിയവർ വീണ്ടും ഞെട്ടി. കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ സിനിമയിലെ നായികയാണ് ലഹരിയുടെ മായിക ലോകത്ത് അഭിനയിച്ച് തകർത്തത്. ആളുകൾ ചുറ്റും കൂടിയെങ്കിലും കൂവി വിളിച്ച് ചിരിയുമായി നായികയുടെ അഭിനയം ക്‌ളൈമാക്സിലേക്ക് നീങ്ങി. ആർക്കും പരാതിയില്ല. അസോസിയേഷൻ പരാതി നൽകാൻ തയ്യാറുമല്ല. ഒടുവിൽ നായികയെ സുഹൃത്തുക്കളെ ഏൽപ്പിച്ച് പൊലീസ് തടിതപ്പി.

പട്രോളിംഗിന്റെ ഭാഗമായി വൈകിട്ട് വീണ്ടും ഫ്ളാറ്റിലെത്തിയ പൊലീസിനു മുന്നിൽ വാതിൽ തുറന്നത് നായിക. രാവിലെ നടന്നതൊന്നും അറിഞ്ഞമട്ട് നായികയുടെ മുഖത്തില്ല. ഒന്നും മിണ്ടാതെ പൊലീസുകാരും മടങ്ങി. ഫ്ളാറ്റിൽ ലഹരിയിൽ ആറാടിയ നായിക ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ' മദ്യപിക്കും. വലിയ കപ്പാസിറ്റിയൊന്നുമില്ലെന്ന്'.

ലഹരിമരുന്നും സ്വർണ്ണക്കടത്തും

സ്വർണ്ണക്കടത്തിന് പണമുണ്ടാക്കാനുള്ള എളുപ്പവഴിയാണ് മാഫിയകൾക്ക് ലഹരിമരുന്ന് വ്യാപാരം. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് എളുപ്പത്തിൽ കടത്തിക്കൊണ്ടുവരാം. ഏജന്റുമാർക്ക് കൈമാറിയാൽ പലമടങ്ങ് ലാഭം കൈയിലെത്തും. ചില്ലറ വില്‌പനക്കാരുടെ ലാഭം ഇതിന്റെ പലയിരട്ടിയാണ്. അങ്ങനെ മൊത്തത്തിൽ പണം കായ്ക്കുന്ന മരമാണ് ലഹരിമരുന്ന് വ്യാപാരം. ബംഗളുരുവിൽ പിടിയിലായ ലഹരിമാഫിയാ തലവൻ അനൂപിന് സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.

കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ടയാണ് ഞായറാഴ്ച ആറ്റിങ്ങലിൽ നടന്നത്. 500കിലോ കഞ്ചാവ്, മൂല്യം ഇരുപത് കോടി. കഞ്ചാവെത്തിച്ചത് ബംഗളുരുവിലെ ലഹരിമാഫിയയുമായി ബന്ധമുള്ളവരാണെന്ന് എക്സൈസ് പറയുന്നു. ആന്ധ്രയിൽ നിന്ന് മൈസൂരുവിലെത്തിച്ച ശേഷം കണ്ണൂരിലെ ഗോഡൗണിൽ ഒളിപ്പിക്കാനായിരുന്നു ആദ്യപദ്ധതി. അവസാനനിമിഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു. രാപകൽ പൊലീസ് നിരീക്ഷണമുള്ള ദേശീയപാതയിലൂടെ ഒരു കണ്ടെയ്‌നറിൽ കഞ്ചാവെത്തിക്കാൻ മാഫിയയ്ക്ക് ധൈര്യം കിട്ടിയെന്നതുതന്നെ മതി കേരളത്തിലെ ലഹരി വ്യാപാരത്തിന്റെ വ്യാപ്തി മനസിലാക്കാൻ.

കേരളത്തെ മയക്കാൻ ഭാമിനി

ഭാമിനി, ഒരു യുവസുന്ദരിയുടെ പേരല്ല. ആന്ധ്ര- ഒഡിഷ അതിർത്തിലെ ഗ്രാമമാണ്. ആയിരക്കണക്കിന് ഏക്കറിൽ കഞ്ചാവ് വിളയുന്ന ഗ്രാമം. കേരളത്തിലെ ഏതാണ്ടെല്ലാ കഞ്ചാവ് കേസിലും ഈ ഗ്രാമത്തിന്റെ പേരുണ്ടാവും. സുലഭമായി ഗുണമേന്മയുള്ള കഞ്ചാവ് കിട്ടുന്ന സ്ഥലമാണിത്. ആറ്റിങ്ങലിൽ പിടികൂടിയ കഞ്ചാവും എത്തിച്ചത് ആന്ധ്രയിൽ നിന്നാണെന്ന് എക്സൈസ് പറയുന്നു. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ ഭാമിനിയിൽ പതിനായിരത്തിലേറെ ഏക്കർ കഞ്ചാവുതോട്ടമുണ്ട്. ആദിവാസി മേഖലയാണിത്. കിലോയ്ക്ക് രണ്ടായിരത്തിന് കഞ്ചാവ് കിട്ടും. കേരളത്തിലെത്തിച്ചാൽ 20ഗ്രാമിന് വില 500രൂപ.

ലഹരിയുടെ ഉല്ലാസ നൗകകൾ

എട്ടുവർഷം മുമ്പുവരെ കൊച്ചി കായലിലെ രാത്രികാല ഓളങ്ങളിൽ ലഹരിയുടെ ഉല്ലാസ നൗകകൾ ചാഞ്ചാടി. കായലിന്റെ നടുവിലെ ചെറിയ തുരുത്തുകളിൽ നിശബ്ദമായി കിടന്നിരുന്ന ബോട്ടുകളിൽ പുലരുവോളം ലഹരിയുടെ ഉന്മാദം. ചലച്ചിത്ര പ്രവർത്തകർക്കും വി.ഐ.പികൾക്കുമായി മാത്രം തയ്യാറാക്കിയിരുന്ന ലഹരിയുടെ തുരുത്തായിരുന്നു കായൽ. പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് തന്നെ പാർട്ടിക്ക് ചുക്കാൻ പിടിച്ചതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉന്നതർ ഒഴുകിയെത്തി. നിർമ്മാതാവിന്റെ ലഹരി വിരുന്ന് പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചെങ്കിലും പൊലീസിനോ എക്‌സൈസിനോ ചെറുവിരലനക്കാനായില്ല. നഗരത്തിലെത്തുന്ന വി.ഐ.പികളെ രാത്രികളിൽ സ്‌പീഡ് ബോട്ടിലാണ് ഉല്ലാസ നൗകയിൽ എത്തിച്ചിരുന്നത്. ചില താരങ്ങളെ കേന്ദ്രീകരിച്ച്

നിശാപാർട്ടിയുടെ വിവരങ്ങൾ പുറത്തുവന്നതോടെ നിർമ്മാതാവ് കായൽ വിരുന്ന് ഉപേക്ഷിച്ചു. പിന്നീടാണ് കൊച്ചിയിലെ നിശാപാർട്ടികൾ ഹോട്ടലുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും വഴിമാറിയത്. ആ സമയം ന്യൂജെൻ ലഹരിയുടെ താണ്ഡവം തുടങ്ങിക്കഴിഞ്ഞിരുന്നു..

ഷൂട്ടിംഗ് നാളെയാകാം

മലയാളത്തിലെ മുൻനിര നടി നായികയായ സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി അരങ്ങേറുന്നു. നടിയെ കൂട്ടിക്കൊണ്ടു പോകാൻ രാവിലെ എട്ടു മണിക്ക് കാറുമായി ഡ്രൈവർ ഹോട്ടലിലെത്തി. പത്തു മണിയായിട്ടും നടിയുടെ ഒരു അനക്കവുമില്ല. സംവിധായകനും നിർമ്മാതാവും മാറിമാറി വിളിച്ചിട്ടും ഫോണെടുക്കുന്നില്ല. ഒടുവിൽ മുറിക്ക് മുന്നിൽ ചെന്ന് കോളിംഗ് ബെല്ലടിക്കാൻ നിർമ്മാതാവ് ഡ്രൈവറോട് നിർദ്ദേശിച്ചു. നിറുത്താതെയുള്ള കോളിംഗ് ബെല്ലടിയിൽ ഉറക്കച്ചടവോ‌ടെ നായിക വാതിൽ തുറന്നു. ഡ്രൈവറെ കണ്ടതോടെ സമയമെന്തായെന്നായി ചോദ്യം. പത്തു മണി കഴിഞ്ഞെന്ന് പറഞ്ഞതോടെ ഇനി നാളെയാകാം ഷൂട്ടിംഗെന്നായി. സംവിധായകനോട് പറഞ്ഞേക്കാനും നിർദ്ദേശം. ലെവലില്ലാതെ തെന്നി നീങ്ങിയ നടി നേരെ കട്ടിലിൽ ചെന്നുവീണു. മദ്യത്തിന്റെ മണമില്ലെങ്കിലും നടി ലെക്കുകെട്ടിരുന്നുവെന്ന് ഡ്രൈവർ നിർമ്മാതാവിനോട് പറഞ്ഞു. പിന്നീട് മിക്ക ദിവസങ്ങളിലും സ്ഥിതി സമാനമായിരുന്നു. ഒരു തരത്തിലാണ് സിനിമ പൂർത്തിയാക്കിയത്. ഷൂട്ടിംഗിൽ സമയം പാലിക്കാത്തതിന്റെ പേരിൽ പിന്നീടും നടി പല ലൊക്കേഷനിലും പ്രശ്നമുണ്ടാക്കി. പതുക്കെ പതുക്കെ നടി സിനിമയ്ക്ക് പുറത്താകുകയും ചെയ്‌തുവെന്നാണ് ക്ളൈമാക്‌സ്.

(തുടരും )