thiruvananthapuram-intern

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ എതിർപ്പവഗണിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിയെ ഏൽപ്പിച്ചാൽ അതുമായി സംസ്ഥാന സർക്കാർ സഹകരിക്കില്ലെന്ന്, പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

വിമാനത്താവള നടത്തിപ്പ് സ്വകാര്യസംരംഭകനെ ഏൽപ്പിക്കാനുള്ള തീരുമാനം തിരുത്തുന്നതിന് കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ യോഗത്തിൽ പങ്കെടുത്ത മറ്റ് എം.പിമാരും അനുകൂലിച്ചപ്പോൾ, അദാനിക്ക് കൈമാറുന്നതിനെ തിരുവനന്തപുരം എം.പി ശശിതരൂർ ന്യായീകരിച്ചു.

മലബാർ കലാപകാരികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസല്യാരുടെയും പേരുകൾ ഉൾപ്പെട്ടതിന്റെ പേരിൽ സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടു പിൻവലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് യോഗം കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു.

ശബരിമല തീർത്ഥാടകൾക്ക് ഗുണം ചെയ്യുന്ന ഭരണിക്കാവ് ,അടൂർ പത്തനംതിട്ട, പ്ലാപ്പള്ളി എരുമേലി, മുണ്ടക്കയം ദേശീയപാത 183- എ പദ്ധതി സർവേ പൂർത്തിയാക്കാൻ കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടണമെന്ന് ആന്റോ ആന്റണി പറഞ്ഞു .മുഖ്യമന്ത്രിയെ കൂടാതെ ഏഴ് മന്ത്രിമാരും 19 എം.പിമാരും വീഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിൽ പങ്കെടുത്തു.

പാർലമെന്റിൽ ഉന്നയിക്കുന്ന

മറ്റു പ്രധാന പ്രശ്നങ്ങൾ
* പെട്രോളിയം കമ്പനിയായ ബി.പി.സി.എൽ സ്വകാര്യവത്കരണം ഉപേക്ഷിക്കുക.

* സംസ്ഥാനത്തിന് കിട്ടാനുള്ള ജി.എസ്.ടി നഷ്ടപരിഹാരം 7000 കോടിരൂപ ഉടനെ ലഭ്യമാക്കണം.

* ബാങ്ക് വായ്പകളുടെ മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടണം. പലിശ ഇളവ് നൽകണം.

* കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കണം.

* നെല്ല് സംഭരിച്ച വകയിൽ കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള 220 കോടി രൂപ ലഭ്യമാക്കണം.

* കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം. കോഴിക്കോട്ട് കിനാലൂരിൽ 200 ഏക്കർ സ്ഥലം നൽകാം.

* കണ്ണൂർ അഴീക്കൽ തുറമുഖത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാഡമി സ്ഥാപിക്കുന്നതിന് പാരിസ്ഥിതിക അനുമതി നൽകണം.