തിരുവനന്തപുരം: കേരള കോൺഗ്രസ് തർക്കത്തിൽ ഇനി ജോസ് കെ.മാണിയെ പിടിച്ചുനിറുത്താൻ ഇടപെടേണ്ടതില്ലെന്ന നിലയിലേക്ക് യു.ഡി.എഫ് നേതൃത്വം മാറുന്നു. എന്നാൽ, യു.ഡി.എഫായിട്ട് അവരെ പുറത്താക്കിയെന്ന പ്രതീതി വരാതിരിക്കാൻ ശ്രദ്ധിക്കും.
ജോസ് വിഭാഗം ഇടതുമുന്നണിയോട് അടുത്തുകഴിഞ്ഞെന്ന നിഗമനത്തിലാണ് യു.ഡി.എഫ് നേതൃത്വം. ആ സ്ഥിതിക്ക് ഇനിയൊരു അനുരഞ്ജന സാദ്ധ്യത തേടേണ്ടതില്ല. ജോസിനെ ഒരു കാരണവശാലും പറ്റില്ലെന്ന പി.ജെ. ജോസഫിന്റെ കടുംപിടിത്തവും യു.ഡി.എഫ് നേതൃത്വത്തെ കുഴയ്ക്കുന്നു. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിത്വത്തിൽ ഇന്നത്തെ മുന്നണി യോഗത്തിൽ തീരുമാനത്തിലെത്താനാണ് ശ്രമം. രാവിലെ പത്തരയ്ക്ക് ഓൺലൈനായാണ് യോഗം.
ജോസിനെ പടിയടച്ച് പുറത്താക്കിയെന്ന് വരുത്താൻ കോൺഗ്രസ് നേതാക്കളിൽ പലരും ആഗ്രഹിക്കുന്നില്ല. കേരള കോൺഗ്രസ്-എമ്മിന്റെ പാർട്ടി ചിഹ്നവും പദവിയും ജോസ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചതും കോൺഗ്രസ് നേതൃത്വത്തിൽ വീണ്ടുവിചാരത്തിനിടയാക്കിയിരുന്നു. കേരള കോൺഗ്രസ് മേൽവിലാസം പ്രധാനമാണെങ്കിലും ജോസ് പറ്റില്ലെന്ന് കോൺഗ്രസ് നേതാക്കളെ കണ്ട പി.ജെ. ജോസഫ് തീർത്തു പറഞ്ഞിരിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രശ്നത്തിൽ യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനം ജോസ് പക്ഷം അംഗീകരിക്കാത്തതും, മുന്നണി യോഗത്തിന് പുറത്തുനിറുത്തിയ ശേഷവും നിയമസഭയിലടക്കം നിഷേധാത്മക സമീപനം തുടർന്നതുമെല്ലാം ഇടതുമുന്നണിയുമായി ധാരണയുണ്ടാക്കിയ ശേഷമുള്ള നീക്കങ്ങളായി അവർ കരുതുന്നു.
ചവറയിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി ഷിബു ബേബിജോണിനെ പാർട്ടി നിശ്ചയിച്ചതിന് യു.ഡി.എഫ് യോഗം അംഗീകാരം നൽകും. യു.ഡി.എഫിൽ ജോസ്, ജോസഫ് പക്ഷങ്ങൾ തമ്മിൽ തർക്കത്തിലായിരുന്നപ്പോഴും ,കുട്ടനാട് ജോസഫിന് നൽകാമെന്ന നിലയിലേക്ക് കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ എത്തിയതാണ്. ഇനിയിപ്പോൾ ജോസ് പക്ഷമില്ലാത്ത സ്ഥിതിക്ക് ജോസഫിന് നൽകാൻ തീരുമാനിച്ചാലും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി സൃഷ്ടിച്ച ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കമ്മിഷൻ വിധിക്കെതിരെ ജോസഫ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനയായിട്ടില്ല. കമ്മിഷൻ വിധി ജോസിനൊപ്പമായതിനാൽ, ജോസഫ് വിഭാഗം കുട്ടനാട്ടിൽ ഏത് ചിഹ്നത്തിലും പാർട്ടിയിലും മത്സരിക്കുമെന്ന ചോദ്യമാണ് കുഴപ്പിക്കുന്നത്. ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥി സ്വതന്ത്രനായി മത്സരിക്കുകയോ, കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുകയോ അടക്കമുള്ള ഫോർമുലകൾ അണിയറയിൽ ഉരുത്തിരിയുന്നുണ്ട്.കോൺഗ്രസ് ഏറ്റെടുത്താൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫിന് മറ്റൊരു സീറ്റോ, അല്ലെങ്കിൽ കുട്ടനാട് തന്നെയോ അനുവദിക്കുന്നതും ആലോചനയിലുണ്ട്.