കിളിമാനൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം റബറിന് ചെറിയതോതിൽ വില ലഭിച്ചു തുടങ്ങിയപ്പോൾ കർഷകർക്ക് പാരയായി വീണ്ടും പെരുമഴ. ലോക്ക് ഡൗണും മരങ്ങളുടെ വിശ്രമകാലവുമെല്ലാം പിന്നിട്ട് വളരെയധികം പ്രതീക്ഷകളോടെയാണ് കർഷകർ ടാപ്പിംഗ് ആരംഭിച്ചത്. തുടക്കത്തിൽ വിലത്തകർച്ചയായിരുന്നു വെല്ലുവിളി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും റബറിന് സർക്കാർ താങ്ങുവില പ്രഖ്യാപിക്കാത്തതുമൊക്കെയായിരുന്നു അന്ന് തിരിച്ചടിയായത്. കടംവാങ്ങി ഓണക്കാലം കഴിച്ചുകൂട്ടിയ കർഷകർക്ക് വില ഉയർന്നു തുടങ്ങിയപ്പോൾ അൽപ്പം ആശ്വാസമായിരുന്നു. ഇതാണ് അപ്രതീക്ഷിതമായ പെരുമഴയിൽ തകിടം മറിഞ്ഞത്.
ഒരോ പുതിയ സീസണും തുടങ്ങുമ്പോൾ ആയിരക്കണക്കിന് രൂപയാണ് ചില്ലി, ചിരട്ട, കയർ എന്നാ ഇനങ്ങളിൽ ചെലവാകുന്നത്. കഴിഞ്ഞ വർഷം പ്രളയം കാരണം വളരെ കുറച്ച് ദിനങ്ങൾ മാത്രമായിരുന്നു ടാപ്പിംഗ് നടന്നിരുന്നത്. ഇപ്രാവശ്യം കൊവിഡ് പ്രതിസന്ധി ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ വേറെയും. ഇത് മറികടക്കാനുള്ള അവസരമാണ് മഴ ചതിച്ചതോടെ ഇല്ലാതായത്. ഗർഷകർ മാത്രമല്ല ടാപ്പിംഗ് നടത്തി ഉപജീവനം നടത്തുന്ന തൊഴിലാളികൾക്കും മഴ വില്ലനാകുകയാണ്.
റബർ സീസൺ ഇങ്ങനെ
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മരങ്ങൾക്ക് വിശ്രമം
മേയ് മാസത്തിൽ ടാപ്പിംഗ് ആരംഭിക്കും
ടാപ്പിംഗ് കൂലി (ഒരു മരം): 1.50 രൂപ- 2 രൂപ
നൂറു റബറുള്ള കർഷകന് ലഭിക്കുന്ന ഷീറ്റ്: 5-6
2019ൽ ഈ സമയം ഷീറ്റിന്റെ വില: 140 - 150 രൂപ
രണ്ട് മാസം മുൻപ് 80-85
ഇപ്പോൾ: 130- 140 രൂപ
ഷീറ്റുണ്ടാക്കുന്നതിന് യൂണിറ്റുകൾ റബർ പാൽ സ്വീകരിക്കും
200 ലിറ്ററിന് വില- 600 രൂപ വരെ