തിരുവനന്തപുരം : ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർ നിയമ സഭയിൽ കാണിച്ച അതിക്രമത്തിനെതിരായ കേസ് പിൻവലിക്കമമെന്ന സർക്കാർ ഹർജിയിൽ എതിർ വാദം തുടങ്ങി.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഹെെക്കോടതി നിർദ്ദേശ പ്രകാരമാണ് കേസ് പിൻവലിക്കുന്നതിനെതിരായ എതിർവാദം കൂടി കോടതി പരിഗണിക്കുന്നത്. കേസ് പിൻവലിക്കണമെന്ന സർക്കാർ വാദം അംഗീകരിച്ച് കോടതി കേസ് പിൻവലിക്കാൻ ഇരിക്കെയാണ് കോട്ടയം സ്വദേശികളും പൊതു പ്രവർത്തകരുമായ എം.ടി.തോമസ്,പീറ്റർ മയിലി പറമ്പിൽ എന്നിവർ കോടതിയെ സമീപിച്ചത്. പൊതു സമൂഹം ദൃശ്യമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യങ്ങൾ വ്യക്തമായി കണ്ടിട്ടും പ്രതികൾക്കതിരെ യാതൊരു നിയമനടപടിയും ഉണ്ടായില്ലെങ്കിൽ അത് നിയമ വ്യവസ്ഥയിൽ പൊതുജനത്തിനുളള വിശ്വാസം നഷ്ടമാകുമെന്ന് ഹർജിക്കാർ വാദിച്ചു. ഇതിനിടെ പ്രതികൾക്കായി വാദം ഉന്നയിക്കാൻ അഭിഭാഷകർ ഹാജരായെങ്കിലും അവരുടെ വാദം കേൾക്കാൻ കോടതി തയാറായില്ല.പ്രതികൾക്കായി സർക്കാർ അഭിഭാഷക തന്നെ വാദം പറയുമ്പോൾ മറ്റൊരുവാദത്തിന്റെ ആവശ്യമില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. തുടർവാദം 17 ന് ആരംഭിക്കും.