lorry

തിരുവനന്തപുരം: കേരളത്തിലേക്ക് 500കിലോ കഞ്ചാവ് ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്നവരെ എക്സൈസ് കണ്ടെത്തി. കണ്ണൂർ സ്വദേശി ജിതിൻ രാജ്, തൃശൂരിലെ സെബു, തിരുവനന്തപുരത്തെ അഭേഷ്, ജയൻ മുടപുരം എന്നിവരാണ് ഇരുപത് കോടിയുടെ കഞ്ചാവ് കടത്തിന് പിന്നിൽ.

കേരളത്തിലേക്ക് ആന്ധ്രയിൽ നിന്ന് ലോഡെത്തിച്ചു നൽകുന്ന ഏജന്റാണ് ജിതിൻ രാജ്. ഇയാളുടെ ഒളിസങ്കേതം എക്സൈസ് കണ്ടെത്തി. അഭേഷ് ഇന്നലെ വിമാനമാർഗ്ഗം തിരുവനന്തപുരത്തെ വീട്ടിലെത്തുമെന്ന വിവരത്തെത്തുടർന്ന് എക്സൈസ് വല വിരിച്ചെങ്കിലും ഇയാൾ യാത്ര ഒഴിവാക്കി. കണ്ണൂർ വിമാനത്താവളത്തിലെത്തി ബോർഡിംഗ് പാസെടുത്തെങ്കിലും ചെക്ക്- ഇൻ നടത്താതെ അഭേഷ് മുങ്ങി. മാദ്ധ്യമപ്രവർത്തകന്റെ പേരിലുള്ള സിം-കാർഡുപയോഗിച്ചാണ് സെബു ലഹരിമരുന്ന് വ്യാപാരം നടത്തിയത്

ആന്ധ്രയിൽ നിന്ന് ബംഗളുരു, മൈസൂർ വഴി കണ്ടെയ്നർ ലോറി കണ്ണൂരിലെത്തിക്കാനായിരുന്നു പദ്ധതി. വിവരം ചോർന്നതായി ലഹരിമാഫിയയ്ക്ക് സംശയം തോന്നിയതിനാൽ വാഹനം തിരുവനന്തപുരത്തേക്ക് വിട്ടു. ജയന്റെ ഗോഡൗണിൽ കഞ്ചാവ് ലോഡിറക്കിയ ശേഷം മൊത്തക്കച്ചവടക്കാർക്ക് കൈമാറാനായിരുന്നു പദ്ധതി.

വാഹനം തിരുവനന്തപുരത്തേക്ക് വരുന്നതറിഞ്ഞ് ആറ്റിങ്ങൽ കോരാണി ടോൾമുക്കിൽ നിന്നാണ് എക്സൈസ് കഞ്ചാവ് പിടികൂടിയത്. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പഞ്ചാബ് സ്വദേശി ഖുൽവന്ത് സിംഗ് ഖൽസിയെയും സഹായി ജാർഖണ്ഡ് സ്വദേശി കൃഷ്ണ യാദവിനേയും റിമാൻഡ് ചെയ്തു. . അസി.കമ്മിഷണർ ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി. കന്നഡ സിനിമാരംഗത്തെ പിടിച്ചുലച്ച ബംഗളുരുവിലെ വൻ ലഹരിമരുന്ന് കേസുമായി കഞ്ചാവ് കടത്തിന് ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം.


ലഹരി ഡോൺ

രാജു ഭായി


കേരളത്തിലേക്കുള്ല കഞ്ചാവ് കടത്തിലെ ഒന്നാമൻ പഞ്ചാബ് സ്വദേശി രാജു ഭായിയാണ്. വർഷങ്ങളായി ഇയാൾ ആന്ധ്രയിലാണ് താവളമടിച്ചിരിക്കുന്നത്. തന്റെ ബോസാണ് രാജുഭായിയെന്നാണ് അറസ്റ്റിലായ ഖുൽവന്ത് സിംഗ് മൊഴി നൽകിയത്. ഇരുവരും ചേർന്ന് സ്ഥിരമായി കഞ്ചാവ് കടത്തുന്നുണ്ട്. വയനാട്ടിൽ അടുത്തിടെ പിടികൂടിയ 100 കിലോ കഞ്ചാവും അയച്ചത് രാജുഭായിയാണ്. കേരളത്തിൽ നിന്ന് സാധനങ്ങൾ കയറ്റാനെന്ന വ്യാജേനയാണ് കാലി കണ്ടെയ്നർ ലോറിയെത്തിയത്. ഡ്രൈവർ കാബിനു മുകളിലെ രഹസ്യഅറയിലായിരുന്നു 500കിലോ കഞ്ചാവ് ഒളിപ്പിച്ചത്.

ആന്ധ്രയിലെ ഉൾവനങ്ങളിൽ കൃഷി ചെയ്യുന്ന കഞ്ചാവ് കിലോയ്ക്ക് രണ്ടായിരം മുതൽ മൂവായിരം രൂപ വരെ നൽകിയാൽ മൊത്തക്കച്ചവടത്തിനായി ലഭിക്കും. കേരളത്തിൽ മൊത്തവില കിലോയ്ക്ക് 25000രൂപയാണ്.5ഗ്രാമിന്റെ ചെറിയ പാക്കറ്റിന് വില 500രൂപ. ഈ വൻലാഭം കണ്ടാണ് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത്. പിടികൂടിയ 500കിലോ കഞ്ചാവ് വിറ്റഴിച്ചെങ്കിൽ കടത്തുകാർക്ക് ലഭിക്കുമായിരുന്ന ലാഭം മൂന്നരക്കോടി .