sarma

തിരുവനന്തപുരം: പ്രശസ്ത വയലിൻ വിദ്വാനും കർണാടിക് വയലിനിൽ ഗായകശൈലിയുടെ വക്താവും പ്രയോക്താവും നിരവധി ശിഷ്യ സമ്പത്തിനുടമയുമായ പ്രൊഫ. എം. സുബ്രഹ്മണ്യശർമ്മ (84) അന്തരിച്ചു. ഇന്നലെ സന്ധ്യയോടെ കോട്ടയ്ക്കകം മൂന്നാം പുത്തൻതെരുവിൽ സ്വവസതിയിലായിരുന്നു (ടി.സി 40/511) ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം. സംസ്കാരം ഇന്ന് രാവിലെ എട്ടിന് പുത്തൻകോട്ട ബ്രാഹ്മണ സമുദായശ്മശാനത്തിൽ നടക്കും.

തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യകാല വയലിൻ പ്രൊഫസറും ആകാശവാണിയിലും ദൂരദർശനിലും എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. കെ.രേണുകയാണ് ഭാര്യ. വയലിൻവാദകരായ എസ്.ആർ. മഹാദേവശർമ്മ, എസ്.ആർ. രാജശ്രി (രണ്ട് പേരും ആകാശവാണി എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റുകൾ) എന്നിവർ മക്കളാണ്.

ആഴത്തിലുള്ള ശാസ്ത്രീയജ്ഞാനവും മികച്ച ഗമകപ്രയോഗങ്ങളും മെലഡിയും ഒത്തുചേർന്ന പ്രൊഫ. ശർമ്മയുടെ വയലിൻവാദന രീതി സുബ്രഹ്മണ്യശർമ്മ സ്കൂൾ എന്ന രീതി വയലിനിൽ രൂപപ്പെടുത്തിയെടുക്കാൻ വഴിയൊരുക്കി. സ്വാതിതിരുനാൾ സംഗീതകോളേജിൽ തുടക്കത്തിൽ നിരവധി നിർദ്ധനരായ കുട്ടികളെ ദത്തെടുത്ത് വയലിൻ അഭ്യസിപ്പിക്കാനും ശർമ്മ മുൻകൈയെടുത്തു.

കേരള സംഗീതനാടക അക്കാഡമി അവാർഡും കലാരത്ന ഫെലോഷിപ്പും നേടിയിട്ടുള്ള പ്രൊഫ. സുബ്രഹ്മണ്യശർമ്മയുടെ ശിഷ്യരായിരുന്നു സംഗീതസംവിധായകൻ രവീന്ദ്രൻ അടക്കമുള്ളവർ. ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് പ്രൊഫ. ശർമ്മ ഗുരുതുല്യനായിരുന്നു. യേശുദാസിനൊപ്പം ഇന്ത്യയിലും വിദേശത്തും നിരവധി കച്ചേരികളിൽ വയലിൻ വാദകനായിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും മഹാരാജപുരം സന്താനത്തിന്റെയും കച്ചേരിക്ക് വരെ അകമ്പടി വായിച്ചിട്ടുണ്ട്.

മക്കൾക്കൊപ്പം വയലിൻ ത്രയം കച്ചേരിയും അവതരിപ്പിക്കുമായിരുന്നു. കഴിഞ്ഞവർഷം ദൂരദർശന് വേണ്ടിയാണ് അവസാനമായി വയലിൻത്രയം അവതരിപ്പിച്ചത്.

മൃദംഗവിദ്വാനായിരുന്ന കെ. മഹാദേവ അയ്യരുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായി 1937 മാർച്ച് 23ന് ആലപ്പുഴയിൽ ജനിച്ചു. പിതാവിന്റെയും ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും ശിക്ഷണത്തിൽ 17ാം വയസിലായിരുന്നു വയലിനിൽ അരങ്ങേറ്റം. 1949 മുതൽ കർണാട്ടിക് സംഗീതലോകത്ത് ആരംഭം കുറിച്ച ശർമ്മ ഏഴ് പതിറ്റാണ്ടായി സജീവമാണ്.

1987ൽ കേരള ഗവർണറായിരുന്ന പി. രാമചന്ദ്രനിൽ നിന്ന് മികച്ച വയലിനിസ്റ്റ് പുരസ്കാരം നേടി. മദ്രാസ് മ്യൂസിക് അക്കാഡമിയുടെ പാപ്പാ വെങ്കടരാമയ്യ സീനിയർ വയലിനിസ്റ്റ് പുരസ്കാരം, മഹാരാജപുരം വിശ്വനാഥ അയ്യർ പുരസ്കാരം, ചെന്നൈ ഭാരത് കാലാചാർ സഭയുടെ ആചാര്യ കലാഭാരതി പുരസ്കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി. 2019ൽ തിരുവനന്തപുരം നീലകണ്ഠശിവൻ സംഗീതസഭയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.