covid

ഇന്നലെ 1648 പേ‌ർക്ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ സംസ്ഥാനത്ത് വീണ്ടും പരിശോധനകൾ കുത്തനെ കുറഞ്ഞു. ഇന്നലെ 1648 പേ‌ർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1495 പേർ സമ്പർക്ക രോഗികൾ. 112 പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,177 സാമ്പിളുകളുടെ കുറവാണ് പരിശോധനയിലുണ്ടായത്. ഇതാണ് രോഗികളുടെ എണ്ണം കുറയാൻ കാരണം. ശനിയാഴ്ച മുതൽ ഞായറാഴ്ച ഉച്ചവരെ 41,392 പേരെ പരിശോധിച്ചപ്പോൾ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്നലെ ഉച്ചവരെ 20,215 സാമ്പിളുകളാണ് പരിശോധിച്ചത്. ഓണക്കാലത്ത് പരിശോധന കുറഞ്ഞെങ്കിലും ഉടൻ പ്രതിദിന പരിശോധന 50,000 ആക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത്തരമൊരു കുറവ്. ഞായറാഴ്ച അവധി ദിവസമായതിനാൽ പരിശോധന കുറഞ്ഞെന്ന കാരണമാണ് ആരോഗ്യവകുപ്പ് പറയുന്നത്. പരിശോധന കുറയുന്നത് സ്ഥിതി വഷളാക്കുമെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. പരിശോധന കുറഞ്ഞെങ്കിലും രോഗവ്യാപനത്തിൽ കുറവില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്നലത്തെ രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി എട്ടാണ് ഇന്നലെ രേഖപ്പെടുത്തിയത്. നൂറുപേരിൽ എട്ടു പേർ രോഗികളാകുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.


ആകെ രോഗികൾ 89,489

ചികിത്സയിലുള്ളവർ 22,066

രോഗമുക്തർ 67,001

ആകെ മരണം 359