kerala-psc

തിരുവനന്തപുരം: യു.പി സ്കൂൾ അധ്യാപക തസ്തികയിലേക്ക് സമർപ്പിച്ച അപേക്ഷകൾ കാണാനില്ലെന്ന ഉദ്യോഗാർഥികളുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ സാങ്കേതിക വിഭാഗത്തെ പി.എസ്.സി ചുമതലപ്പെടുത്തി.

സാങ്കേതികപ്പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കൂടുതൽ പേർ പരാതിയുമായി എത്തിയതിനാൽ ആഴത്തിലുള്ള പരിശോധന വേണമെന്ന് ഇന്നലെ ചേർന്ന കമ്മീഷൻ യോഗം ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ച ഉദ്യോഗാർഥികളെ വിലക്കാൻ തീരുമാനിച്ചെന്ന വാർത്ത പത്രക്കുറിപ്പിലുണ്ടായ അബന്ധമാണെന്ന് ചെയർമാൻ എം.കെ.സക്കീർ യോഗത്തിൽ വിശദീകരിച്ചു.

കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ്, ആരോഗ്യവകുപ്പിലെ ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളുടെ തെരഞ്ഞെടുപ്പിൽ വാസ്തവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചതിന് ഉദ്യോഗാർഥികൾക്കെതിരെ റൂൾ 22 പ്രകാരം നടപടി നിലനിൽക്കുമോയെന്ന് അന്വേഷിക്കാനാണ് ആഭ്യന്തര വിജിലൻസിനെ ചുമതലപ്പെടുത്തിയത്. ഉദ്യോഗാർഥികളുടെ വാദം കേട്ട ശേഷമാവും തുടർ നടപടി.

ഉദ്യോഗസ്ഥരുടെ യോഗം :

സെക്രട്ടറി അന്വേഷിക്കും

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചുചേർത്ത കോൺഗ്രസ് അനുകൂല സർക്കാർ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പി.എസ്.സിയിലെ രണ്ട് ജീവനക്കാർ പങ്കെടുത്തെന്ന ആരോപണത്തെ സംബന്ധിച്ച് അന്വേഷിക്കാൻ സെക്രട്ടറി സാജു ജോർജിനെ കമ്മ്ഷൻ ചുമതലപ്പെടുത്തി. ജോയിന്റ് സെക്രട്ടറി , സെക്ഷൻ ഓഫീസർ റാങ്കിലുള്ള രണ്ടുപേരാണ് കെ.പി.സി.സി ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്തതായി ആരോപണമുയർന്നത്