കൊച്ചി: കൊവിഡ് രോഗവ്യാപനം ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാതലത്തിൽ ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറിലേക്കോ
ജനുവരിയിലേക്കോ മാറ്റണമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് വാച്ച് വിളിച്ചു ചേർത്ത വിവിധ സംഘടനാനേതാക്കളുടെ യോഗം കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷനോട് നിവേദനം വഴി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ വോട്ടുചെയ്യാനെത്തുന്ന ആൾക്കൂട്ടം വലിയ അപകട സാദ്ധ്യതകളെ ക്ഷണിച്ചു വരുത്തും. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വാർഡുകൾ തോറും ലക്ഷങ്ങൾ ധൂർത്തടിച്ചുകൊണ്ടുള്ളള പ്രചാരണ രീതി ഇലക്ഷൻ കമ്മീഷൻ കർശനമായി നിയന്ത്രിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് വാച്ച് പ്രസിഡന്റ് ഫെലിക്സ് ജെ പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വോട്ടേഴ്സ് അലയൻസ് പ്രസിഡന്റ് അഡ്വ. ജോൺ ജോസഫ്, പീപ്പിൾസ് മൂവ്മെന്റ് ഫോർ അൻഡി കറപ്ഷൻ ചെയർമാൻ എം. ആർ രാജേന്ദ്രൻ നായർ , മുല്ലപ്പെരിയാർ സംരക്ഷണ സമിതി ചെയർമാൻ ടോമി വർഗീസ്, ജി.സി.ഡി.ഡബ്ള്യൂ ജന. സെക്രട്ടറി ജോർജ് കാട്ടുനിലത്ത്, കേരള ഡെമോക്രാറ്റിക് ഫ്രണ്ട് ജില്ലാ കൺവീനർ അനിൽ ജോസ്, പശ്ചിമകൊച്ചി വികസനസമിതി കൺവീനർ സ്റ്റാൻലി പൗലോസ്, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ആദം അയൂബ്, അഡ്വ. വർഗീസ് പറമ്പിൽ, ഡോ.ശ്രീകുമാർ, പോൾ ഫ്രാൻസീസ്, എബനസർ ചുള്ളിക്കാട്, എൻ.ജെ മാത്യു എന്നിവർ സംസാരിച്ചു.