തിരുവനന്തപുരം: കേശവദാസപുരത്ത് ഹൈവേ പൊലീസ് വാഹനം എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിലെ പ്രതി പിടിയിലായതായി കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. 2019 ഡിസംബറിലെ കേസിലെ പ്രതിയായ നാലാഞ്ചിറ പനവിള പുത്തൻവീട്ടിൽ ദിനേഷ് കുമാറിന്റെ മകൻ രഞ്ചു എന്ന നന്ദുവിനെയാണ് (21) മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. തലസ്ഥാനത്ത് ഗുണ്ടാപ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി നഗരത്തിൽ നടത്തിവരുന്ന റെയ്ഡിനെ തുടർന്ന് ഇന്നലെ 151 പേരുടെ വീടുകളിൽ പരിശോധന നടത്തി. കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ.വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ അതത് സബ് ഡിവിഷണൽ അസിസ്റ്റന്റ് കമ്മിഷണർമാർ,എസ്.എച്ച്.ഒമാർ,സബ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.