തിരുവനന്തപുരം: കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കയറ്റി അയച്ച പഞ്ചാബ് സ്വദേശി രാജുഭായിക്ക് രാജ്യമാകെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്ന് എക്സൈസ്. പതിറ്റാണ്ടുകളായി ആന്ധ്രയിൽ താമസിക്കുന്ന ഇയാൾക്ക് മാവോയിസ്റ്റ് ബന്ധവും സംശയിക്കപ്പെടുന്നു.
മാവോയിസ്റ്റ് മേഖലകളിലാണ് വൻതോതിൽ കഞ്ചാവ് കൃഷിയുള്ളത്. കോടികളാണ് പ്രതിഫലമായി മാവോയിസ്റ്റ് ഗ്റൂപ്പുകൾക്കു ലഭിക്കുന്നത്. കഞ്ചാവ് കടത്തുകേസിൽ പിടികൂടാനുള്ള ജിതിനുമായി ചേർന്ന് രണ്ടായിരം കിലോ കഞ്ചാവ് കടത്താനിരുന്നതാണ്. അഡ്വാൻസുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് പദ്ധതി നടന്നില്ല. കഞ്ചാവ് കടത്തലിന്റെ വിവരം ലഭിച്ചതിനെത്തുടർന്ന് 5 ദിവസമായി എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കർണാടത്തിലും തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ആറ്റിങ്ങലിൽ കഞ്ചാവ് ലോറി പിടിയിലായത്.
പഞ്ചാബ്, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം രാജുഭായിയും സംഘവും കഞ്ചാവ് കടത്തുന്നുണ്ട്. കേരളത്തിലേക്ക് 500കിലോ അയയ്ക്കും മുൻപ് പഞ്ചാബിലേക്ക് നൂറു കിലോ കയറ്റിവിട്ടു. ബാറ്ററി കവറുകൾ നിറച്ച ലോറിയിലായിരുന്നു കടത്ത്. ഇരുപതിലധികം കണ്ടെയ്നർ ലോറികൾ രാജുഭായിക്കുള്ളതായാണ് പിടിയിലായവർ വെളിപ്പെടുത്തിയത്. ഈ ലോറികളിലെ പ്രത്യേക അറകളിലാണ് കഞ്ചാവ് കടത്ത്. എക്‌സൈസ് പിടികൂടിയ ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി കുൽദീപ് സിങ് (32) രാജുഭായിയുടെ വിശ്വസ്തരിൽ ഒരാളാണ്. മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘത്തിനാണ് രാജുഭായി കഞ്ചാവ് നൽകുന്നത്. എറണാകുളത്ത് മാസങ്ങൾക്കു മുൻപ് രാജുഭായി നേരിട്ടു കഞ്ചാവ് എത്തിച്ചിരുന്നെന്നും എക്സൈസിന് വിവരം കിട്ടിയിട്ടുണ്ട്.