ബാലരാമപുരം: ഹൈടെക് വിദ്യാഭ്യാസത്തിൽ പുത്തൻ വിജയഗാഥയൊരുക്കുകയാണ് ബാലരാമപുരം ജി.എച്ച്.എസ്.എസ്. അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും ഉറപ്പാക്കിയാണ് ബാലരാമപുരം ജി.എച്ച്.എസ്.എസ് ഹൈടെക് നിലവാരത്തിലേക്ക് ചുവട് മാറിയത്. കിഫ്ബിയുടെ അഞ്ച് കോടിയും എം.എൽ.എ ഫണ്ടായ ഒരു കോടിയും ചെലവഴിച്ച് കൈറ്റിന്റെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.
രണ്ട് ബഹുനിലമന്ദിരങ്ങളിലായി 27 ക്ലാസ് മുറികൾ സജീകരിച്ചാണ് ജനുവരിയോടെ സ്കൂൾ അദ്ധ്യായനത്തിന് തുടക്കമിടുന്നത്. പുതുമോടിയിൽ സ്കൂൾ സാങ്കേതിക മികവിലേക്ക് മാറിയതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികൾ. ബഹുനിലമന്ദിരങ്ങളുടെ ഉദ്ഘാടനം സർക്കാർ വെബ്സൈറ്റ് വഴിയും സ്കൂൾ സോഷ്യൽ മീഡിയ ആപ്പ് വഴിയും കാണാനുള്ള തത്രപ്പാടിലാണ് വിദ്യാർത്ഥികൾ.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നൂറ്പേരിൽ കൂടാതെ ഉദ്ഘാടന ചടങ്ങ് നടത്താനാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശം. കൊവിഡ് മാനദണ്ഡപ്രകാരം സാമൂഹിക അകലം പാലിച്ചും സാനിറ്റൈസർ വഴി കൈകൾ ശുദ്ധിയാക്കിയും മാസ്ക്ക് നിർബന്ധമായും ധരിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും വരും ദിവസങ്ങളിൽ നടക്കും.