01

കുളത്തൂർ: കണ്ടാൽ ഒരു വലിയ കോർപ്പറേറ്റ് ഓഫീസിന്റെ കെട്ടും മട്ടും. ഗേറ്റിന്റെ ഭാഗത്ത് മതിലിലെ എഴുത്ത് വായിക്കുമ്പോഴാകും സംഗതി പിടികിട്ടുക, ഇത് ഒരു സ്കൂളാണെന്ന്. 121 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയ മുത്തശ്ശി കെട്ടിലും മട്ടിലും ആകെ മാറി ഹൈ ടെക് ആയിരിക്കുകയാണ്. അത്രയ്ക്ക് മികച്ച രീതിയിലാണ് സ്കൂളിൽ വികസന പ്രവർത്തനം നടത്തിയത്. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന വികസന പദ്ധതിയിലുൾപ്പെടുത്തി കിഫ്‌ബി വഴി അഞ്ചുകോടി രൂപ ചെലവിട്ട് രണ്ട് ഘട്ടങ്ങളായാണ് സ്കൂളിൽ ബഹുനില മന്ദിരം നിർമ്മിച്ചത്. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴി നിർവഹിച്ചു. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ, മേയർ കെ.ശ്രീകുമാർ, ശശി തരൂർ എം .പി, വി.കെ.പ്രശാന്ത് എം.എൽ.എ. എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരം

ഒന്നാം ഘട്ടത്തിൽ പ്രൈമറി ക്ലാസ് നടക്കുന്ന ശ്രീനാരായണ ഗുരു ബ്ലോക്കിൽ പുതിയ ക്ലാസ് മുറികൾ പണിതു. സർക്കാർ സഹായത്തിന് പുറമേ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്‌കൂളിനെ ഉയർത്തുന്നതിന് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളയുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ കുട്ടികൾക്കായുള്ള പാർക്ക്, വിറകടുപ്പ് പുര, വോളിബാൾ-ബാസ്‌കറ്റ് ബാൾ- ബാഡ്മിന്റൺ കോർട്ടുകൾ, ചുറ്റുമതിൽ, ഗേറ്റ്, സെക്യൂരിറ്റി കാബിൻ, ബയോഗ്യാസ് പ്ലാന്റ് എന്നിവയും സ്ഥാപിച്ചു.

രണ്ടാംഘട്ടത്തിൽ ഹയർ സെക്കൻഡറി ക്ലാസുകളുള്ള കുമാരനാശാൻ ബ്ലോക്കിൽ എട്ട് ക്ലാസ് മുറികൾ പുതുതായി നിർമ്മിച്ചു. മറ്റ് ക്ലാസ് മുറികളുടെ ഫ്ളോറുകൾ ടൈലുകൾ പാകി നവീകരിച്ചു. ചട്ടമ്പി സ്വാമിയുടെ പേരിൽ ആറു ക്ലാസ് മുറികളും അടുക്കളയും ഡൈനിംഗ് ഹാളും ടോയ്ലറ്റ് സൗകര്യവുമുള്ള പുതിയ ബ്ലോക്ക് നിർമ്മിച്ചു. സ്‌കൂൾ വികസന ക്യാമ്പയിനിലൂടെ ലഭിച്ച 30 മേശയും 100 കസേരകളും ഈ ഡൈനിംഗ് ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ആധുനിക അടുക്കളയും നിർമ്മിച്ചു. സ്‌കൂളിൽ നിലവിലുണ്ടായിരുന്ന രാമാനുജൻ, അയ്യങ്കാളി ബ്ലോക്കുകളും നവീകരിച്ചിട്ടുണ്ട്. ഒരു ഓപ്പൺ സ്റ്റേജും അതിന് മുകളിലെത്തെ നിലയിൽ രണ്ട് ക്ലാസ് മുറികളും പുതിയതായി നിർമ്മിച്ചു.

അൽപം ചരിത്രം

1899ലാണ് സ്‌കൂൾ ആരംഭിച്ചത്. സ്‌കൂളിന് സമീപത്തായി പ്രവർത്തിച്ചിരുന്ന മലയാളം എലിമെന്ററി സ്‌കൂൾ പിൽക്കാലത്ത് ഇതിനോട് ചേർത്ത് ഹയർഗ്രേഡ് എലിമെന്ററി സ്‌കൂളായി മാറ്റി. കഴക്കൂട്ടം കൊട്ടാരം നിലനിന്നിരുന്ന കാലത്ത് ശ്രീമൂലം തിരുനാളിന്റെയും ചിത്തിര തിരുനാളിന്റെയും ജന്മദിനങ്ങൾ രാജകീയ പ്രൗഢിയോടെ ഈ സ്‌കൂളിൽ ആഘോഷിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ തുടങ്ങി 10ാം വർഷം കഴക്കൂട്ടം തെക്കുംഭാഗം മുറിയിൽ മൂലയിൽ വീട്ടിൽ നീലകണ്ഠപിള്ളയും പരദേശ ബ്രാഹ്മണൻ സുബ്രമണ്യ അയ്യരും കരിയിൽ വലിയവീട്ടിൽ കാളിപ്പിള്ള പത്മനാഭ പിള്ളയും ചേർന്ന് കൊല്ലവർഷം 1088 ലും 1095 ലുമായി അന്നത്തെ 57 ചക്രം നൽകി രണ്ടുതവണകളിലായി 50 സെന്റും 94 സെന്റും സ്ഥലം സ്‌കൂളിന് വേണ്ടി വാങ്ങി. 1981ൽ ഹൈസ്‌കൂളായും 2004ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർത്തി.