നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കിന്റെ തൊണ്ടവറ്റിക്കുകയാണ് കാളിപ്പാറ കുടിവെള്ള പദ്ധതി. പദ്ധതിക്കുള്ള കൂറ്റൻ പൈപ്പുകളുടെ പൊട്ടലായിരുന്നു നേരത്തത്തെ ശാപം. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കുട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്നം.
ടൗണിന്റെ ഉയർന്ന സ്ഥലങ്ങളിലുള്ളവരുടെ ഈ ദുരിതം തുടങ്ങിയിട്ട് ഒന്നരമാസമായി. ടൗണിൽ കുടിവെള്ളമെത്തിക്കുന്ന ശൃംഖലയെ കാളിപ്പാറ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന പൈപ്പിലെ അപാകതയാണ് പ്രധാന പ്രശ്നം. ഇതുകാരണം പ്രഷർ കുറയുന്നതാണ് ജലവിതരണത്തിന് തടസമാകുന്നത്.
കാരണങ്ങൾ പലത്
റോഡുപണിക്കിടെ കള്ളിക്കാടിന് സമീപം മൈലക്കരയിൽ കാളിപ്പാറ പദ്ധതിയുടെ പൈപ്പ് പൊട്ടിയിരുന്നു. ഇതുമൂലം നെയ്യാറ്റിൻകരയിലെ പലഭാഗത്തും കുടിവെള്ള വിതരണം നിലച്ചു. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെത്തി പൈപ്പിന്റെ വാൽവ് അടച്ചെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിനാൽ ജലവിതരണം പുനഃസ്ഥാപിച്ചില്ല. ഇതേത്തുടർന്ന് കള്ളിക്കാട്, ഒറ്റശേഖരമംഗലം, പെരുങ്കടവിള, അതിയന്നൂർ, മാറനല്ലൂർ, ബാലരാമപുരം, കുളത്തൂർ, ബാലരാമപുരം ഗ്രാമപഞ്ചായത്തുകളിലും നെയ്യാറ്റിൻകര നഗരസഭയുടെ പരിധിയിലുള്ള പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചിരുന്നു.
വീണ്ടും പൈപ്പ് പൊട്ടിയെമെങ്കിലും നടപടി ഭയന്ന് വിവരം മറിച്ചു വയ്‌ക്കുകയാണെന്ന് വാട്ടർ അതോറിട്ടിയിലെ ഉദ്യോഗസ്ഥർ പറയുന്നു. നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി അസിസ്റ്റൻഡ് എൻജിനിയറുടെ നേതൃത്വത്തിൽ വെള്ളം കിട്ടാത്ത വീടുകൾ രണ്ടു തവണ സന്ദർശിച്ചിരുന്നു. എന്നാൽ പുതിയ പൈപ്പ് ലൈൻ എടുക്കാൻ പറഞ്ഞ ശേഷം ഉദ്യോഗസ്ഥൻ സ്ഥലം വിട്ടെന്നാണ് നാട്ടുകാരുടെ പരാതി. ആഗസ്റ്റിൽ ടാങ്ക് വൃത്തിയാക്കാൻ ജലവിതരണം നിറുത്തിവച്ച ശേഷം വീണ്ടും പുനഃരാരംഭിച്ചപ്പോഴാണ് ഒരു പ്രദേശത്ത് മുഴുവൻ വെള്ളം കിട്ടാതായത്.