പോത്തൻകോട്: ഗ്രാമപഞ്ചായത്തിലെ പ്ലാമൂട് ചിറ്റിക്കര പാറമടയിലെ ജലം ഇനിമുതൽ ആയിരക്കണക്കിന് നാട്ടുകാരുടെ ദാഹമകറ്റും. മൂന്ന് ഏക്കറിൽ സ്ഥിതിചെയ്യുന്ന, പാറഖനനം നടത്തിയുണ്ടായ ജലാശയത്തെയാണ് ശുദ്ധീകരിച്ച് കുടിവെള്ള സ്രോതസാക്കി മാറ്റിയിരിക്കുന്നത്. 200 അടി താഴ്ചയിലുള്ള ജലസംഭരണി കാൽനൂറ്റാണ്ടായി നാട്ടുകാർ കുളിക്കാനും മറ്റും ഉപയോഗിച്ച് വരികയായിരുന്നു. വേനൽക്കാലത്ത് നാടിന്റെ നാനാ ഭാഗത്തുനിന്നും ലോറികളിൽ ഇവിടെയെത്തി നിയമാനുസൃതമായി വെള്ളം കൊണ്ടുപോകാറുണ്ടായിരുന്നു.
പദ്ധതി ഇങ്ങനെ
ചിറ്റിക്കര പാറക്കുളത്തിലെ ജലം ശുദ്ധികരിച്ച് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിക്ക് 23 ലക്ഷം രൂപയാണ് ജലഅതോറിട്ടി അനുവദിച്ചത്. പാറമടയ്ക് സമീപം സ്ഥാപിച്ചിട്ടുള്ള മൈക്രോ ഫിൽറ്ററിംഗ് യൂണിറ്റിലൂടെ ശുദ്ധീകരിച്ച് വാട്ടർടാങ്കുകളിലേക്ക് കയറ്റുന്ന ശുദ്ധജലം അതാത് പഞ്ചായത്തുകൾ ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യും. അടുത്ത ഘട്ടത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിന് പുറമെ കുപ്പിവെള്ള പദ്ധതി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പാറമടയിലെ ഈ ജലസ്രോതസ് പ്രയോജനപ്പെടുത്തി ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യണമെന്ന പോത്തൻകോട് പഞ്ചായത്തിന്റെ ആവശ്യം കണക്കിലെടുത്ത് പോത്തൻകോട് ബ്ലോക്ക് ഡിവിഷൻ മെമ്പർ നസീമയുടെ ശ്രമഫലമായി മുൻ ബ്ലോക്ക് പ്രസിഡന്റ് ജോളി പത്രോസാണ് പദ്ധതിക്ക് തുടക്കമിട്ടത്. ബ്ലോക്ക് പ്രസിഡന്റായ ഷാനിബ ബീഗമാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടന്നു.