തിരുവനന്തപുരം: തോന്നയ്‌ക്കലിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ഡോ. ദേബിശിഷ് മിത്ര കൊവിഡ് പേടിച്ച് സ്ഥാനമേൽക്കാതെ ഒഴിഞ്ഞു. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഡയറക്ടറായി ചുമതലയേക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെ അറിയിച്ചു. കഴിഞ്ഞ മാസം ചുമതല ഏൽക്കേണ്ടതായിരുന്നു.
റാങ്ക്ലിസ്റ്റിലെ രണ്ടാമനായ ഡൽഹിയിലെ ശാസ്ത്രജ്ഞനെയാണ് പുതിയ ഡയറക്ടറായി പരിഗണിക്കുന്നത്. അദ്ദേഹം വരാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. നിയമനം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചേക്കും.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായും സജ്ജമായതിനാൽ പ്രവർത്തനം ഇനി നീട്ടേണ്ട എന്ന നിലപാടിലാണ് അധികൃതർ. പുതിയ ഡയറക്ടർ എത്തിയാലും ഇല്ലെങ്കിലും ഒക്ടോബർ 15 ന് പ്രവർത്തനം തുടങ്ങും. പുതിയ ഡയറക്ടർ വരാൻ വൈകിയാൽ താത്കാലികമായി തിരുവനന്തപുരത്തെ ഒരു ശാസ്‌ത്രജ്ഞനെ നിയമിച്ച് പ്രവർത്തനം തുടങ്ങാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.