മുഖക്കുരു, കണ്ണിനടിയിലെ കറുപ്പ്, ചുണ്ടിലെ നിറമില്ലായ്മ, മുഖത്തെചുളിവുകൾ, കറുത്ത പാടുകൾ ... എന്നിങ്ങനെ ആധുനിക കൗമരത്തെ ഇരുത്തിചിന്തിപ്പിക്കുന്ന സൗന്ദര്യപ്രശ്നങ്ങൾ നിരവധിയാണ്. എങ്കിലും ഇതിലെല്ലാം മുന്നിൽ നിൽക്കുന്ന പ്രശ്നം മുഖക്കുരുവിന്റെതാണ്.
എല്ലാതരം മുഖക്കുരുവിനും ഫലപ്രദമായ ചികിത്സയുണ്ട്. മരുന്നുകൾ പ്രതീക്ഷിക്കുന്ന ഫലം നൽകാത്ത അവസ്ഥയിൽ ഹോർമോൺ വ്യത്യാസം, ഭക്ഷണക്രമത്തിലെ അപാകത, മാനസികസമ്മർദ്ദം, മുഖക്കുരുവിനു കാരണമായേക്കാവുന്ന മരുന്നുകൾ, ലേപനങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മരുന്നുകൾ ഫലപ്രദമല്ലാത്തവരിൽ സ്ളഷ്, കെമിക്കൽ പീലിംഗ്, ലേസർ എന്നിവ പോലുള്ള സർജിക്കൽ ചികിത്സകൾ വേണ്ടിവരും. മുഖക്കുരുവിനുള്ള മരുന്നുകൾക്കൊപ്പം ഇതും ചെയ്യണം. ഇവയ്ക്ക് പ്രത്യേകിച്ച് പാർശ്വഫലങ്ങളൊന്നുമില്ല.
കൊമഡോൺ എക്സ്ട്രാക്ഷൻ ആണ് മറ്റൊരു ചികിത്സ. മരുന്നുകൾ ഉപയോഗിച്ച് മൃദുവാക്കിയിട്ട് മുഖക്കുരു നീക്കം ചെയ്യുന്ന രീതിയാണിത്.
മുഖക്കുരുവിൽ ഇടയ്ക്കിടെ സ്പർശിക്കുന്നതും പൊട്ടിക്കുന്നതും പാടുവീഴാൻ ഇടയാകും. സ്ക്രബ്, ഫേഷ്യൽ, മസാജ് ഇവയെല്ലാം മുഖക്കുരു അധികമാവാനും പാടുവീഴാനും ഇടയാകും. അതിനാൽ മുഖക്കുരു ഉള്ളവർ ഇതൊക്കെ ചെയ്യുന്നത് വിദഗ്ദ്ധ നിർദ്ദേശത്തോടെ വേണം.
മുഖത്ത് എണ്ണമയം ഉണ്ടാകുന്നത് നമ്മുടെ സേബേഷ്യസ് ഗ്രന്ഥികളുടെ സാധാരണ പ്രവർത്തനം കാരണമാണ്. ഇത് ആവശ്യവുമാണ്. എന്നാൽ ഇത് കൂടുതലാകുന്നത് ചിലരുടെ ത്വക്കിന്റെ പ്രത്യേകതയാണ്. ഒരു പരിധിവരെ ഫേസ്‌വാഷുകൾ, അസ്ട്രിൻജന്റുകൾ പോലുള്ള ക്രീമുകൾ എന്നിവ ഇതു കുറയ്ക്കാൻ ഉപകരിക്കും. എന്നാൽ, ഇതുകൊണ്ടും ഫലമില്ലാത്തവരിൽ പ്രത്യേക ഗുളികകൾ ഉപയോഗിക്കേണ്ടി വരും.
ത്വക്ക് അറിഞ്ഞ്
ഫേസ് വാഷ്
അവരവരുടെ ത്വക്കിന് അനുയോജ്യമായ ഫേസ് വാഷ് വേണം തിരഞ്ഞെടുക്കാൻ. എണ്ണമയമുള്ള ചർമ്മം, വരണ്ട ചർമ്മം, സാധാരണ ചർമ്മം, മുഖക്കുരുവും പാടുകളുമുള്ളവർക്ക് ഇങ്ങനെ വ്യത്യസ്തമായ ഫേസ്‌വാഷുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അസ്ട്രിൻജന്റുകൾ മുഖത്തെ എണ്ണമയം താത്കാലികമായി കുറച്ച് ചർമ്മത്തിന് ഉന്മേഷം നൽകാൻ സഹായിക്കും. എണ്ണമയം അധികമുള്ളവർക്ക് മോയ്സ് ചറൈസിന്റെ ആവശ്യമില്ല. പല മോയ്സ്ചറൈസുകളും മുഖക്കുരുവിന് കാരണമാകാറുണ്ട്.
ബ്ളാക്ക് ഹെഡ്‌സും
വൈറ്റ് ഹെഡ്സും
മൂക്കിനു ചുറ്റും ബ്ളാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്സും ഉണ്ടാകുന്നത് അവിടത്തെ ഗ്രന്ഥികളുടെ പ്രവർത്തനം കാരണമാണ്. ഇവ നീക്കം ചെയ്താലും വീണ്ടും പ്രത്യക്ഷപ്പെടാം. ക്ളീൻ അപ്പിലൂടെ താത്കാലികമായി നീക്കം ചെയ്യാൻ സാധിക്കും. ഇതു കുറയ്ക്കാൻ ഫലപ്രദമായ ലേപനങ്ങൾ, പീലുകൾ എന്നിവ കൊണ്ടു സാധിക്കും. ചിലരിൽ ഗുളികകൾ വരെ വേണ്ടിവരും.
കറുപ്പ്
ക്ഷീണമാണ്
കണ്ണിനടിയിലെ കറുപ്പ് വളരെ ആകുലത ഉണ്ടാക്കുന്ന ഒരു കാര്യമാണ്. സാധാരണയായി ഇത് ഒരു രോഗമല്ല പലരിലും ഇത് പാരമ്പര്യമായിട്ടുള്ളതാണ്. അല്ലെങ്കിൽ രക്തക്കുറവ്, ക്ഷീണം, ഉറക്കക്കുറവ്, അലർജി, ചുളിവുകൾ ഏതെങ്കിലുമൊക്കെയാവാം. കാരണം ഇതറിഞ്ഞ് കണ്ടുപിടിച്ചു ചികിത്സിച്ചാൽ നല്ല ഫലം ലഭിക്കും.