feet

വളരെ നിസാരമെന്ന് കരുതുന്നതാണ് കാലിന്റെ ഉപ്പൂറ്റിയിലുണ്ടാകുന്ന വെടിച്ചു കീറൽ. എന്നാൽ,​ അത് കാരണം ബുദ്ധിമുട്ടുന്നവർക്കേ അതിന്റെ പ്രയാസം അറിയാവൂ. പ്രത്യേകിച്ച്,​ പ്രമേഹരോഗികളിലും കാൽമുട്ട് വേദന, ഇടുപ്പു വേദന എന്നിവയുള്ളവരിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല.

ഈ രോഗമുള്ളവർ അഡ്ജസ്റ്റ് ചെയ്തു നടന്നു ശീലിക്കുന്നതിനാൽ പാദത്തിലെ സന്ധികളിൽ വേദന വരികയും നിലവിലെ മുട്ട് വേദനയും നടുവേദനയും വർദ്ധിക്കുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ ഇതുകാരണം പാദത്തിലെ അണുബാധ വർദ്ധിച്ച് കൂടുതൽ കുഴപ്പത്തിലേക്ക് എത്താറുണ്ട്.

ചിലരിൽ ഈ വിണ്ടു കീറൽ ദീർഘകാലം നിലനിൽക്കുകയോ, എല്ലാവർഷവും വർദ്ധിക്കുകയോ ചെയ്യുന്നതായി കാണാം. വെടിച്ചു കീറലുകൾ വലുതാകുകയും, പാദത്തിലെ രൂക്ഷത വർദ്ധിച്ച് കാല് തറയിലൂന്നിയാൽ ചോരപൊടിയുന്ന അവസ്ഥയിലും രോഗികൾ എത്താറുണ്ട്. ക്രമേണ വിരലുകളിലും നഖങ്ങളിലും ഇത് ബാധിക്കും. കുട്ടികളെന്നോ, മുതിർന്നവരെന്നോ, ആൺ പെൺ വ്യത്യാസമില്ലാതെ ബാധിക്കുന്ന ഈ രോഗം അത്ര വിരളമല്ല.

ശരീരത്തിൽ പൊതുവേയുള്ള രൂക്ഷതയുടെ വർദ്ധനയും,വാത വർദ്ധനയും പാദ സംരക്ഷണത്തിലെ അപാകതകളും രോഗത്തെ വർദ്ധിപ്പിക്കും.

പാദങ്ങൾ ഈർപ്പമുള്ളതാക്കി വയ്ക്കുകയും, ഉരച്ചു കഴുകി തുടച്ച് ആയുർവേദ ലേപനങ്ങൾ പുരട്ടുകയും, രോഗത്തിന്റെ തീവ്രതയനുസരിച്ച് മരുന്ന് കഴിക്കുകയും ചെയ്ത് പരിപൂർണമായും ഈ രോഗത്തെ ഭേദമാക്കാവുന്നതാണ്.

 പാദങ്ങൾ കരിങ്കല്ലിൽ സാവധാനം ഉരച്ചു കഴുകുകയോ, ഫാൻസി ഷോപ്പുകളിൽ വാങ്ങാൻ കിട്ടുന്ന പ്യൂമിക് സ്റ്റോൺ (കാൽ ഉരച്ചു കഴുകാനുള്ള കല്ല് /ബ്രഷ് കൂടെയുള്ളതും ലഭ്യമാണ്) ഉപയോഗിച്ച് ഉരയ്ക്കുകയോ ചെയ്ത ശേഷം കഴുകി വൃത്തിയായി തുടച്ച് ഉടനെ ചെറിയ ഈർപ്പമുള്ളപ്പോൾ തന്നെ മരുന്ന് പുരട്ടുന്നതാണ് നല്ലത്.

 പ്രമേഹ രോഗികൾ വളരെ ശ്രദ്ധയോടെ മാത്രമേ പാദങ്ങൾ ഉരച്ച് കഴുകാവൂ.

ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നതും, അലർജിക്ക് കാരണമായ സിന്തറ്റിക് മെറ്റീരിയലുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചെരുപ്പുകളും, രാസവസ്തുക്കൾ,കളിമണ്ണ്, ചേറ്, ചാണകം തുടങ്ങിയവരുമായുള്ള സമ്പർക്കവും രോഗത്തെ വർദ്ധിപ്പിക്കും.

 ശരിയായ പോഷണമില്ലായ്മയും, നെയ്യ് ചേർത്ത ഭക്ഷണങ്ങൾ തീരെ കുറച്ചു മാത്രം കഴിക്കുന്നതും ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാണ്.

 യഥാസമയം ചികിത്സിക്കാതെ ക്രമേണ മാറിക്കൊള്ളുമെന്ന് കരുതി ഇരിക്കുന്നവർക്ക് പിന്നീട് രോഗം തീവ്രമാകുന്നതായി കാണാറുണ്ട്.

 കുട്ടിക്കാലം മുതൽ തലയിൽ തേയ്ക്കുന്നത് പോലെ തന്നെ പാദങ്ങളിലും എണ്ണ തേച്ച് ശീലിക്കാവുന്നതാണ്. പാദങ്ങളിലുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്ന് മാത്രമല്ല, നല്ല ഉറക്കം ലഭിക്കുന്നതിനും, കാഴ്ചശക്തി വർദ്ധിക്കുന്നതിനും ഈ ശീലം ഉപകാരപ്പെടും.

 ഏറെനാൾ ചികിത്സിച്ചിട്ടും ഭേദമാകാത്തതും വീണ്ടും ആവർത്തിക്കുന്നതുമായ ഉപ്പൂറ്റി വിണ്ടുകീറൽ ചികിത്സിച്ചു ഭേദമാക്കാനുള്ള മരുന്നുകൾ സൗജന്യമായി സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാണ്.