തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ, നിയമസഭാതിരഞ്ഞെടുപ്പും പടിവാതിലിലെത്തി നിൽക്കേ, ഉഗ്രസ്ഫോടന ശക്തിയുള്ള ബോംബായി സോളാർ കേസ് വീണ്ടും.എ.ഡി.ജി.പി അനിൽകാന്തിനെ വിജിലൻസിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി നിയമിച്ചത്, സോളാർ കേസിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ് അടക്കമുള്ള നടപടികൾക്ക്. സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത 14 പീഡനക്കേസുകളുടെ അന്വേഷണം മൂന്ന് വർഷമായി ഇഴഞ്ഞുനീങ്ങുകയാണ്. പുതിയ അന്വേഷണസംഘത്തെ ഉടൻ നിയോഗിക്കും.2017ഒക്ടോബർ11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ്, കേസിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. സോളാർ നായിക സരിതയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്ത്, ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരേ രണ്ട് എഫ്.ഐ.ആറുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. പിന്നീട്, 2019 ലെ ലോക്സഭാതിരഞ്ഞെടുപ്പ് സമയത്ത് ഹൈബി ഈഡൻ, അടൂർപ്രകാശ്, എ.പി അനിൽകുമാർ എന്നിവർക്കെതിരെയടക്കം 14 കേസുകളെടുത്തു. ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ, അഡി. ഡി.ജി.പി അനിൽകാന്ത്, ഐ.ജി ദിനേന്ദ്രകശ്യപ് എന്നിവർ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്മാറിയപ്പോഴാണ് എ.ഡി.ജി.പി ഷേഖ്ദർവേഷ് സാബിഹിനെ നിയോഗിച്ചത്. കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുണ്ടെന്ന് നിയമവിദഗ്ദ്ധരുടെ ഉപദേശം ലഭിച്ചതായി അനിൽകാന്ത് അന്ന് ഡി.ജി.പിയെ അറിയിച്ചിരുന്നു.
ഫലത്തിൽ,ഇത് അനിൽകാന്തിന്റെ രണ്ടാം വരവാണ്.
കെ.സി.വേണുഗോപാൽ, അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ കേസുകളിൽ മാത്രമാണ് സരിതയുടെ രഹസ്യമൊഴിയെടുത്തത്. മുൻമന്ത്രി അനിൽകുമാറിനെതിരായ കേസിലടക്കം പലവട്ടം നോട്ടീസ് നൽകിയെങ്കിലും അവർ ഹാജരായില്ല. ഇതുവരെയുള്ള അന്വേഷണത്തിൽ മൊഴികളും ശാസ്ത്രീയ തെളിവുകളും ഒത്തുപോവുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജോസ് കെ.മാണിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരേ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയിക്കാനായില്ല.
സർക്കാരിന്റെതുറുപ്പുചീട്ട്
നിർഭയ കേസിനുശേഷം 2013ഏപ്രിൽ 2നുണ്ടായ ക്രിമിനൽ നിയമ ഭേദഗതിയാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്റെ നോട്ടം,വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗികക്കുറ്റത്തിന്റെ പരിധിയിലാക്കി. ഇതോടെയാണ്, സോളാർ ഇടപാടിൽ ആനുകൂല്യം നൽകാമെന്ന് വാഗ്ദാനം ചെയ്തടക്കം ഉന്നത അധികാരസ്ഥാനങ്ങളിലുള്ളവർ നടത്തിയ പീഡനം മാനഭംഗമാക്കിയുള്ള കേസിന്റെ നിലനിൽപ്പ്. ഇരയുടെ മൊഴി സാഹചര്യത്തെളിവുകളുടെ പിൻബലത്തോടെ, പ്രധാനതെളിവായി അംഗീകരിക്കപ്പെട്ടതോടെ, വൈദ്യപരിശോധനാ റിപ്പോർട്ട് അനിവാര്യമല്ലാതായി. കുറ്റം തെളിയിക്കാനുള്ള ബാദ്ധ്യത വാദിക്കല്ല, പ്രതിക്കാണ്.
ഇനി വേണ്ടത്
പുനരന്വേഷണത്തിൽ ശക്തമായ സാഹചര്യ-ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയാലേ കേസും അറസ്റ്റും സാദ്ധ്യമാവൂ.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കാൻ മേൽകോടതിയെ സമീപിച്ചാലും ഫലമുണ്ടാവില്ല.
20വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണെന്നതിനാൽ, സെക്ഷൻ 172 പ്രകാരം കോടതിയിൽ റിപ്പോർട്ട് നൽകണം. കുറ്റക്കാരെങ്കിൽ അറസ്റ്റ് ചെയ്യണം.