
പാറശാല: പാറശാല ടൗണിനോട് ചേർന്നുള്ള കാരാളിയിലെ പുതുക്കുളം വൃത്തിയാക്കി ഉപകാരപ്രദമാക്കണമെന്നാവശ്യം ശക്തമാകുന്നു. പാറശാല ടൗൺ, ഇഞ്ചിവിള, വന്യക്കോട് വാർഡുകളുടെ സംഗമസ്ഥാനത്താണ് കുളം.
ഒന്നര ഏക്കറോളം വിസ്തൃതിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ നാലിൽ മൂന്നായി ചുരുങ്ങിയിട്ടുണ്ട്. ദേശീയ പാതയോട് ചേർന്നുള്ള കുളം മൂന്ന് വാർഡുകളിലായി നൂറിലേറെ കുടുംബങ്ങൾക്കും പ്രദേശത്തെ കൃഷിക്കും ഉപകരിച്ചിരുന്നു.
വേനൽക്കാലത്ത് സമീപ പ്രദേശങ്ങളിലെ കിണറുകൾ വറ്റാത്തതിന് കാരണവും ഈ കുളമാണ്. നാട്ടുകാർക്കും പൊതുജനങ്ങൾക്കും പ്രയോജനകരമായ കുളം ഇന്ന് നാശത്തിന്റെ വക്കിലാണ്.
സന്ധ്യ കഴിഞ്ഞാൽ കുളത്തിന്റെ കരകൾ മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാകും. ഇത് കാരണം ഇതു വഴി സഞ്ചരിക്കുന്നതിന് പോലും നാട്ടുകാർ മടിക്കുന്നു.
കുളത്തിലെ ചെളി കോരി വൃത്തിയാക്കിയ ശേഷം കരകളിൽ നടപ്പാത നിർമ്മിച്ചും വിളക്കുകൾ സ്ഥാപിച്ചും നീന്തൽ പരിശീലനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി പുതുക്കുളത്തെ ഒരു മാതൃകാ കുളമായി മാറ്റണമെന്ന ആവശ്യം പല തവണ പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണെങ്കിലും ചെവിക്കാെണ്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.