തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബസ് ഷോപ്പുകൾ സ്വകാര്യ സ്ഥാപനങ്ങൾക്കും വാടകയ്ക്ക് നൽകാൻ തീരുമാനം. കണ്ടം ചെയ്യാറായ ബസുകളെയാണ് കെ.എസ്.ആർ.ടി.സി രൂപമാറ്റം വരുത്തി കടകളാക്കുന്നത്. ആദ്യ ബസ് മിൽമയാണ് വാടകയ്ക്ക് എടുത്തത്. ഇത് ഉടൻ കിഴക്കേകോട്ടയിൽ പ്രവർത്തനം ആരംഭിക്കും. മത്സ്യഫെഡ്, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങൾക്കു വേണ്ടി ആറു ബസ് കടകളുടെ നിർമ്മാണവും നടന്നുവരികാണ്. സ്വകാര്യ വ്യക്തികൾ കൂടി താത്പര്യം അറിയിച്ചതോടെ ലേലം വിളിക്കാൻ തീരുമാനിച്ചു.
92 ഡിപ്പോകളിലായി 150 ബസ് ഷോപ്പുകൾ പണിത് ലേലത്തിൽ വയ്ക്കാനാണ് തീരുമാനം. അഞ്ച് വർഷത്തേക്കാണ് ബസ് വാടകയ്ക്ക് നൽകുക.
കുറഞ്ഞ വാടക 20,000 രൂപയാണ്. കെ.എസ്.ആർ.ടി.സി തന്നെ ബസ് ഷോപ്പാക്കി മാറ്റി നൽകും. രണ്ടു ലക്ഷം രൂപ ഡെപ്പോസിറ്റ് നൽകണം. വാടക ഇനത്തിൽ മാത്രം 150 ബസിൽ നിന്നും 30 ലക്ഷം രൂപ വരുമാനം ലഭിക്കും. ഡെപ്പോസിറ്റ് ഇനത്തിൽ മൂന്നു കോടി രൂപയും ലഭിക്കും.
ആക്രിവിലയ്ക്ക് വിറ്റാൽ കിട്ടുന്നത് ഒന്നര ലക്ഷം
കാലാവധി കഴിഞ്ഞ ഒരു ബസ് ആക്രിവിലയ്ക്ക് പൊളിച്ചുവിറ്റാൽ കിട്ടുന്നത് വെറും ഒന്നര ലക്ഷം രൂപയാണ്. അതേബസ് അഞ്ച് വർഷം വാടകയ്ക്ക് നൽകിയാൽ 12 ലക്ഷം രൂപ ലഭിക്കും. അഞ്ചു വർഷത്തിന് ശേഷവും ഉപയോഗിക്കാം.
'സർക്കാർ ഏജൻസികൾക്കാണ് പ്രഥമ പരിഗണന. സ്വകാര്യവ്യക്തികളും താത്പര്യം കാണിക്കുന്നുണ്ട്. അതുകൊണ്ടാണ് ലേലം ചെയ്യുന്നത്''.
- ബിജു പ്രഭാകർ, എം.ഡി, കെ.എസ്.ആർ.ടി.സി