തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പട്ടയഭൂമിയുടെ ക്രയവിക്രയത്തിനും പട്ടയഭൂമിയിലെ നിർമ്മാണപ്രവർത്തനങ്ങൾക്കും ഇടതുപക്ഷ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലയിലെ കർഷകരുടെ ആശങ്ക അകറ്റാൻ ഗവൺമെന്റ് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇടുക്കി ഡി.സി.സി.യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനുമുമ്പിൽ നടത്തിയ ഏകദിന സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ മറ്റു പതിമൂന്നു ജില്ലകൾക്കുമില്ലാത്ത നിയന്ത്രണങ്ങൾ ഉടനീളെ കർഷകരുടെ കൈവശഭൂമിയുടെ പട്ടയങ്ങൾക്കേർപ്പെടുത്തിയത് ജില്ലയിലെ കർഷകരോടുള്ള കടുത്ത നടപടിയാണെന്നും ഇത് അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സത്യാഗ്രഹസമരത്തിന്റെ സമാപന സമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ റോയി കെ.പൗലോസ്, ഡോ.മാത്യു കുഴൽനാടൻ, .ഇ.എം.ആഗസ്തി , ഡി.സി.സി പ്രസസിഡന്റ് നെയ്യാറ്റിൻകര സനൽ, ജില്ലാ ചെയർമാൻ എസ്. അശോകൻ കെ.പി.സി.സി. എക്സി അംഗം എം.കെ. പുരുഷോത്തമൻ, തോമസ് രാജൻ, ജോയി വെട്ടിക്കുഴി, .സിറിയക് തോമസ് ജെയ്സൻ കെ. ആന്റണി, ഷാജി പൈനാടത്ത്, അബ്ദുൾ റഷീദ്, മനോജ് മുരളി, സി.എസ്. യശോദരൻ, ബെന്നി പെരുവന്താനം, പി.ആർ. അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.