jazon
ജാക്സൺ

ഇരവിപുരം: വളർത്തുനായ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച ആറംഗ സംഘത്തിലെ ഒരാൾ പിടിയിലായി. ഇരവിപുരം വടക്കുംഭാഗം ഫിലിപ്പ് മുക്ക് പവിത്രം നഗറിൽ കൊച്ചില്ലം വീട്ടിൽ ജാക്സണിനെയാണ് (25) ഇരവിപുരം പൊലീസ് പിടികൂടിയത്.

തെക്കുംഭാഗം ചാനാക്കഴികം സെന്റ് ജോസഫ് നഗർ 54 ചാനാക്കഴികം വീട്ടിൽ ജോഷി (36), ഇയാളുടെ അയൽവാസിയും സുഹൃത്തുമായ സിൻസൻ (52) എന്നിവരെയാണ് ഇക്കഴിഞ്ഞ 6ന് വൈകിട്ട് 6 മണിയോടെ ഇരവിപുരം തെക്കുംഭാഗം സെന്റ് ജോസഫ് കുരിശടിക്ക് സമീപത്ത് വച്ച് പ്രതികൾ വാളുപയോഗിച്ച് വെട്ടിയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാക്കൾ ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കേസിൽ ഉൾപ്പെട്ട ഒരു പ്രതിയുടെ വീട്ടിൽ വളർത്തിയിരുന്ന നായ ജോഷിയുടെ സുഹൃത്തിനെ കടിച്ചിരുന്നു. ഇതിന്റെ പേരിൽ സുഹൃത്ത് പൊലീസിൽ പരാതി നൽകിയതിന് പിന്നിൽ ജോഷിയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജോഷിയെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയപ്പോഴാണ് സിൻസനെയും ആക്രമിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ജാക്സൺ പിടിയിലായത്. മറ്റ് പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, പ്രൊബേഷണറി എസ്.ഐ അഭിജിത്ത്, ജി.എസ്.ഐ സന്തോഷ്, എ.എസ്.ഐ ദിനേഷ്, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.