വിതുര: ഒടുവിൽ വിതുര സബ് രജിസ്ട്രാർ ഓഫീസിന് ശാപമോക്ഷം ലഭിച്ചു. ഇന്ന് മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് പൂവണിയുന്നത്. വിതുര പൊതുമരാമത്ത് റസ്റ്റ് ഹൗസിനു പിറകിലായി ഇരുനിലകളിലായി 93 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്. 2019 ജനുവരി 2ന് കെ.എസ്. ശബരീനാഥൻ എം.എൽ.എയാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. 1968ലാണ് വിതുര സബ് രജിസ്ട്രാർ ഓഫീസ് അനുവദിച്ചത്. പ്രവർത്തനത്തിനായി പുതിയ മന്ദിരം നിർമ്മിക്കുമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും അര നൂറ്റാണ്ട് പിന്നിട്ടിട്ടും കെട്ടിടം യാഥാർത്ഥ്യമായില്ല. പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര കലുങ്ക് ജംഗ്ഷനിലുള്ള വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വർഷങ്ങളായി പരിമിതികൾക്കും, പരാധീനതകൾക്കും നടുവിൽ ഓഫീസ് പ്രവർത്തിക്കുന്നത്.
മഴയത്ത് കെട്ടിടം ചോർന്നൊലിക്കുന്ന ഇവിടെ ചുവരുകൾക്ക് പൊട്ടൽ വീണിട്ടുണ്ട്. ജനങ്ങൾ കുടയും പിടിച്ച് നിൽക്കേണ്ട അവസ്ഥയിലാണ്. ഫയലുകൾ മുഴുവൻ നനഞ്ഞു കുതിരും. രജിസ്ട്രാർ ഓഫീസിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി പല തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ മന്ദിരം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയ കക്ഷികൾക്ക് മുന്നിൽ വിഷയം ഉന്നയിക്കാറുണ്ട്. വിജയിപ്പിച്ചാൽ ശരിയാക്കി തരാമെന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും കാര്യം സാധിച്ചാൽ തിരിഞ്ഞു നോക്കാത്ത അവസ്ഥയായിരുന്നു. 2018 ആഗസ്റ്റ് 14ന് കെട്ടിടം ചോർന്നൊലിച്ച് അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വിശദമായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് സ്ഥലം എം.എൽ.എ കെ.എസ്. ശബരീനാഥും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും ഇടപെടുകയും ഫണ്ട് അനുവദിക്കാൻ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
പ്രവർത്തനം ആരംഭിച്ചിട്ട് 52 വർഷം
അനുവദിച്ച തുക 93 ലക്ഷം
പുതിയ കെട്ടിടത്തിന്റെ
നിർമ്മാണോദ്ഘാടനം നടന്നത് - 2019ൽ
സൗകര്യങ്ങൾ
പുതിയ മന്ദിരത്തിന്റെ സെല്ലാർ ഫ്ലോറിൽ റെക്കാഡ്‌സ് റൂം, ശുചിമുറികൾ എന്നിവയാണ്. ഗ്രൗണ്ട് ഫ്ലോറിൽ സബ് രജിട്രാറുടെ ഓഫീസ്, വിശാലമായ ഓഫീസ് റൂം, ജനസേവനകേന്ദ്രം, വിശ്രമ മുറി, ശുചിമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.